മധ്യപ്രദേശില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ

ഭോപ്പാല്‍: ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ ചുമത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ടു തവണ ഹോം ക്വാറന്റീന്‍ നിബന്ധന ലംഘിക്കുന്നവരെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

ആദ്യമായി ഹോം ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വ്യക്തിക്ക് 2,000 രൂപ പിഴ ചുമത്തും.ഈ മാനദണ്ഡങ്ങള്‍ രണ്ടാം തവണ ലംഘിക്കുന്ന വ്യക്തിയെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കോ കോവിഡ് കെയര്‍ സെന്ററിലേക്കോ അയയ്ക്കുമെന്നും
മധ്യപ്രദേശ് സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മധ്യപ്രദേശില്‍ ഇതുവരെ 7261 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 313 പേരാണ് മരണപ്പെട്ടത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 3,927 പേരാണ് കോവിഡ് മുക്തരായത്. സംസ്ഥാനത്തെ 52 ജില്ലകളില്‍ 50 ജില്ലകളിലും ഇതിനോടകം വൈറസ് ബാധിച്ച് കഴിഞ്ഞു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം മധ്യപ്രദേശടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ഇരട്ടിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാനത്ത് ക്വാറന്റീന്‍ നിയന്ത്രണം കര്‍ശനമാക്കിയത്.

Top