ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സാംസ്‌കാരിക വകുപ്പ് രണ്ട് ലക്ഷം രൂപ നല്‍കും: എ കെ ബാലന്‍

തിരുവനന്തപുരം : അന്തരിച്ച ഗസല്‍ ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സാംസ്‌കാരിക വകുപ്പ് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍.

ഉമ്പായിയുടെ വസതിയിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം അദ്ദേഹം കുടുംബാംഗങ്ങളെ നേരിട്ട് അറിയിച്ചു. കെ.ജെ. മാക്‌സി എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മലയാളിയെ ഗസലിന്റെ വേറിട്ട തലങ്ങളിലേക്കു കൊണ്ടു പോയ പ്രിയ ഗായകന്‍ ഉമ്പായി കഴിഞ്ഞ ബുധനാഴ്ചയാണ് മരണമടഞ്ഞത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

1952ല്‍ കൊച്ചി മട്ടാഞ്ചേരിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. യഥാര്‍ഥ പേര് ഇബ്രാഹീം. സംഗീതം പഠിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമായിരുന്നില്ല ഉമ്പായിക്കുണ്ടായിരുന്നത്. സ്‌കൂള്‍ പരീക്ഷകളില്‍ തോറ്റ ഉമ്പായിയെ പിതാവ് മുംബൈയിലെ ബന്ധുവിനടുത്തേക്കു വിട്ടു. അവിടെ ഒരു ഇലക്ട്രിഷന്റെ ജോലി ചെയ്തു ജീവിതം തുടങ്ങി.

മുംബൈയില്‍ വച്ചാണ് ഉമ്പായി ഉസ്താദ് മുനവറലി ഖാന്‍ എന്ന സംഗീതജ്ഞനെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ഗസലുകള്‍ പഠിക്കാന്‍ തുടങ്ങി. ഏഴുവര്‍ഷം നീണ്ടു നിന്നു ആ പഠനം. പഠന ശേഷം ഹോട്ടലുകളിലും പാടുമായിരുന്നു ഉമ്പായി.

നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേര്‍ന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസല്‍ ഗാന ആല്‍ബമായിരുന്നു ‘അകലെ മൗനം പോലെ’. അതിന് ശേഷം ഒ.എന്‍.വി. കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നല്‍കിയ ആല്‍ബമായിരുന്നു ‘പാടുക സൈഗാള്‍ പാടുക’.

Top