സര്‍ജറിക്കായി സൂക്ഷിച്ച രണ്ട് ലക്ഷം രൂപ എലി കരണ്ടു; സഹായഹസ്തവുമായി മന്ത്രി

ഹൈദരാബാദ്: ശാസ്ത്രക്രിയക്കായി സൂക്ഷിച്ച രണ്ട് ലക്ഷം രൂപ എലി കരണ്ടതോടെ സഹായഹസ്തവുമായി മന്ത്രി. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ ബൊക്കയ്യ റെഡ്യ എന്നയാളുടെ പണമാണ് എലി കരണ്ടത്. ഇയാളുടെ ദുരവസ്ഥയറിഞ്ഞ് തെലങ്കാനയിലെ വനിതാശിശുക്ഷേമ മന്ത്രി സത്യവതി റാഥോഡാണ് സഹായവുമായി എത്തി.

നാല് ലക്ഷം രൂപയായിരുന്നു ഇദ്ദേഹത്തിന്റെ സര്‍ജറിക്ക് വേണ്ടിവന്നത്. പച്ചക്കറി വിറ്റവകയില്‍ സ്വരൂപിച്ച രണ്ട് ലക്ഷത്തിനുപുറമേ പലരില്‍ നിന്നുമായി ബൊക്കയ്യ രണ്ട് ലക്ഷം കൂടി കടം വാങ്ങുകയായിരുന്നു. ഈ തുകയാണ് ബാഗിലാക്കി വീട്ടില്‍ സൂക്ഷിച്ചത്. ചൊവ്വാഴ്ച ആശുപത്രിയില്‍ പണം നല്‍കാനായി അലമാര തുറന്നപ്പോഴാണ് ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടിരിക്കുന്നത് കണ്ടത്.

പണം എലി കരണ്ടതോടെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലായി ബൊക്കയ്യ. എലി കരണ്ട പണവുമായി ബാങ്കിലെത്തിയപ്പോള്‍ മാറ്റിനല്‍കാന്‍ കഴിയില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. റിസര്‍വ് ബാങ്കുമായി ബന്ധപ്പെടാന്‍ വഴിയുണ്ടോ എന്ന് അന്വേഷിക്കാനും പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ ബൊക്കയ്യയ്ക്ക് സഹായവുമായി ആദിവാസിവനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സത്യവതി റാഥോഡ് എത്തി. ഉദരസംബന്ധ ശസ്ത്രക്രിയക്കായി നാലുലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്. പണം കണ്ടെത്തുന്നതിനെക്കുറിച്ചോ രോഗത്തെ കുറിച്ചോ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി റെഡ്യ ആവശ്യപ്പെടുന്ന ആശുപത്രിയില്‍ ചികിത്സ നടത്താമെന്നും അറിയിച്ചു.

Top