വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം ; മുഖ്യമന്ത്രി

വയനാട് : കനത്ത മഴ ദുരിതം വിതച്ച വയനാട് ജില്ലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ സംഘവും വയനാട്ടില്‍ നിന്ന് മടങ്ങി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്ഥലം മാത്രം നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം നല്‍കും. നഷ്ടപ്പെട്ട രേഖകൾ തിരികെനൽകാൻ പ്രത്യേക അദാലത്തുനടത്തും. ഇതിനു ഫീസ് വാങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയദുരിതത്തിൽ അകപ്പെട്ടവർക്കു സൗജന്യ റേഷൻ നൽകുമെന്നും കല്‍പറ്റയിൽ അവലോകനയോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

മണ്ണിടിച്ചിലിൽ തകർന്ന വൈത്തിരി പൊലീസ് സ്റ്റേഷൻ പുനർനിർമിക്കും. ക്യാംപിൽ കഴിയുന്നവർക്കു ഭക്ഷണം, വസ്ത്രം, മെഡിക്കൽ സഹായം എല്ലാം ഉറപ്പാക്കും. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്കു മാനദണ്ഡങ്ങൾക്കനുസരിച്ചു സഹായം നൽകും. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ ഉടൻതന്നെ പുനർനിർമിക്കും. പ്രളയക്കെടുതിയെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും എല്ലാ സഹായവും പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അവലോകന യോഗത്തിന് മുന്‍പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തിയിരുന്നു. പത്തോടെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാടില്‍ ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രിയും സംഘവും ഇവിടെയെത്തിയത്. വയനാടിന്റെ ചുമതലയുള്ള തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കളക്ടര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മൂന്ന് താലൂക്കുകളിലുമായി 135 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. 2,761 കുടുംബങ്ങളില്‍ നിന്നായി 10,676 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം ജില്ലയിലുടനീളം ഉണ്ടായിട്ടുണ്ട്. കാലവര്‍ഷത്തില്‍ ഇതുവരെ ജില്ലയില്‍ 584.22 ഹെക്ടര്‍ കൃഷി നശിച്ചതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്

Top