Rs 1 cr deposited in BJP account before demonetisation

ന്യൂഡല്‍ഹി : രാജ്യത്ത് 500, 1000 നോട്ടുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പിന്‍വലിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ പ്രമുഖ വ്യവസായികളും ബിജെപിയുടെ ഉന്നതനേതൃത്വവും മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന കെജ്‌രിവാളിന്റെ ആരോപണം ശരിയാകുന്നു ?

നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നാടകീയമായ പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബിജെപി ബംഗാള്‍ഘടകം 500, 1000 നോട്ടുകള്‍ മാത്രമായി ഒരുകോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചത്.

കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ബാങ്കിന്റെ സെന്‍ട്രല്‍ അവന്യൂ ബ്രാഞ്ചിലാണ് വന്‍തുക നിക്ഷേപിച്ചത്. ബിജെപി ബംഗാള്‍ ഘടകത്തിന്റെ പേരിലുള്ള 554510034 അക്കൌണ്ട് നമ്പരില്‍ രണ്ടു ഘട്ടമായാണ് പണം നിക്ഷേപിച്ചത്. 60 ലക്ഷം രൂപയാണ് ആദ്യം നിക്ഷേപിച്ചത്. 1000 രൂപ നോട്ടുകള്‍ മാത്രമായാണ് 60 ലക്ഷം നിക്ഷേപിച്ചത്. മണിക്കൂറുകള്‍ക്കകം 40 ലക്ഷം രൂപയുമായി ബിജെപി പ്രതിനിധികള്‍ വീണ്ടുമെത്തി. ഈ ഘട്ടത്തില്‍ 1000 രൂപ നോട്ടുകള്‍ക്കു പുറമെ 500 രൂപ നോട്ടുകളുമുണ്ടായിരുന്നു.

നോട്ട് അസാധുവാക്കല്‍ ബിജെപി നേതൃത്വം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നതിന് വ്യക്തമായ തെളിവാണ് പണം നിക്ഷേപമെന്ന് സിപിഐ എം ബംഗാള്‍ഘടകവും ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് ഇത്ര വലിയ തുക ബിജെപി പെട്ടെന്ന് നിക്ഷേപിക്കാന്‍ കാരണമെന്തെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര ആരാഞ്ഞു.

നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം മാത്രമായി ഇതിനെ കാണാനാകില്ല. സമാനമായ പണമിടപാടുകള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്നിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത്തരമൊരു ഇടപാട് നടന്നോയെന്ന് വ്യക്തമല്ലെന്ന് ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ബംഗാളില്‍ ബിജെപിക്ക് ഫണ്ടിന് ബുദ്ധിമുട്ടൊന്നുമില്ലെന്നും ഘോഷ് പറഞ്ഞു. ഇടപാട് നടന്നിട്ടുണ്ടെന്ന് ബിജെപിയുടെ മറ്റൊരു മുതിര്‍ന്ന നേതാവ് ജയപ്രകാശ് മജുംദാര്‍ സമ്മതിച്ചു. എന്നാല്‍, ഇത്രയധികം തുക പെട്ടെന്ന് നിക്ഷേപിക്കാനിടയായ സാഹചര്യം മജുംദാര്‍ വിശദീകരിക്കാന്‍ തയ്യാറായില്ല.

നോട്ട് അസാധുവാക്കാനുള്ള തീരുമാനം ബിജെപി നേതാക്കളും സുഹൃത്തുക്കളും നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകള്‍ക്ക് നിക്ഷേപമായി ലഭിച്ചത്. ഇത് സംശയമുളവാക്കുന്നതാണ്. കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് മുന്‍കൂറായി വിവരം ലഭിച്ചിട്ടുണ്ട്. കള്ളപ്പണത്തിനെതിരെ പോരാടാനെന്ന പേരില്‍ വലിയ അഴിമതിയാണിപ്പോള്‍ നടപ്പാക്കിയതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Top