പ്രധാനമന്ത്രിയുടെ ഒരൊറ്റ ദിവസത്തെ എസ്പിജി ചെലവ് 1.62 കോടി; എന്താണിത്ര ചെലവ്?

ഇന്ത്യാ മഹാരാജ്യത്ത് എസ്പിജി സംരക്ഷണം നല്‍കുന്ന ഏക വ്യക്തി രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. രാജ്യത്തെ 56 സുപ്രധാന വ്യക്തികള്‍ക്ക് സിആര്‍പിഎഫ് സുരക്ഷ നല്‍കുന്നതായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്. 3000 അംഗങ്ങളുള്ള എസ്പിജി കമ്മാന്‍ഡോ വിഭാഗത്തിന് 2020-21 വര്‍ഷത്തില്‍ ബജറ്റ് അനുവദിച്ചിരിക്കുന്നത് 592.55 കോടി രൂപയാണ്.

കേവലം നാല് വിഐപികള്‍ക്ക് സുരക്ഷ നല്‍കിയിരുന്ന എസ്പിജി പട്ടികയില്‍ നിന്നും സോണിയാ ഗാന്ധി, രാഹുല്‍, പ്രിയങ്ക വദ്ര എന്നിവര്‍ പുറത്തായതോടെ ഈ എണ്ണം ഒന്നായി ചുരുങ്ങിയ ഘട്ടത്തില്‍ ബജറ്റ് വര്‍ദ്ധന അപ്രതീക്ഷിതമായിരുന്നു. 2019-20 വര്‍ഷത്തില്‍ 540.16 കോടി രൂപയാണ് എസ്പിജിക്ക് അനുവദിച്ചത്. 135 കോടി വീതമാണ് നാല് വിവിഐപികള്‍ക്ക് ചെലവ് വന്നത്.

1991ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ പിവി നരസിംഹ റാവുവിന്റെ കാലം മുതല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഗാന്ധി കുടുംബം എസ്പിജി സുരക്ഷ ആസ്വദിച്ചു. ഈ കാലഘട്ടത്തില്‍ എസ്പിജി ബജറ്റും വര്‍ദ്ധിച്ചിരുന്നു. മോദി ഗവണ്‍മെന്റ് അധികാരമേറ്റതിന് പിന്നാലെ 2014-15 വര്‍ഷത്തില്‍ വിഹിതം ഇരട്ടിയാക്കി. നിലവില്‍ പ്രധാനമന്ത്രി മോദിക്ക് മാത്രം സുരക്ഷ നല്‍കുന്ന വിഭാഗത്തിന് 592 കോടി വിഹിതം നല്‍കുന്നത് പരിശോധിച്ചാല്‍ ദിവസത്തില്‍ 1.62 കോടി ചെലവ് വരുന്നതായി കണക്കാക്കാം.

ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങളിലും എത്തുന്ന നേതാവ് ആയത് കൊണ്ട് തന്നെ പ്രധാനമന്ത്രിക്ക് യാത്രകളും കൂടുതലാണ്. മുന്‍ മന്‍മോഹന്‍ സിംഗ് ആകട്ടെ നേര്‍വിപരീതവുമായിരുന്നു. 10 വര്‍ഷം കൊണ്ട് മന്‍മോഹന്‍ 93 വിദേശയാത്ര നടത്തിയപ്പോള്‍ മോദി ഇത് ആറ് വര്‍ഷം കൊണ്ട് മറികടന്നു. പ്രധാനമന്ത്രിയുടെ ആഭ്യന്തര, വിദേശ യാത്രകളുടെ എണ്ണമാണ് എസ്പിജി ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നതും.

Top