ബിഗ് ബഡ്ജറ്റ് ചിത്രം ആര്‍ആര്‍ആറിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ആര്‍ആര്‍ആര്‍.

സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗവുമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്.

രൗദ്രം രണം രുധിരം എന്നാണ് ചിത്രത്തിന്റെ പേര്. ജൂനിയര്‍ എന്‍ ടി ആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്.

കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്പരം അറിയാമെങ്കില്‍ എങ്ങനെയായിരുന്നുവെന്നാണ് ചിത്രം പറയുന്നത്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായ ജൂനിയര്‍ എന്‍ടിആറും അഭിനയിക്കുന്നു. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്. കെ കെ സെന്തില്‍കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കോസ്റ്റ്യൂം രാമ രാജമൗലിയാണ്. 2021 ജനുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക.

ബാഹുബലിയുടെ രണ്ടു ഭാഗത്തിനായി ചിലവഴിച്ച 400 കോടി രൂപയാണ് രാജമൗലി ആര്‍ആര്‍ആറിനായി വിലയിരുത്തുന്നത്. നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഡിവിവി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എംഎം കീരവാണിയാണ്.

Top