ആർ രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി ആർ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. 2021 ദസറ റിലീസായി ഒക്ടോബർ 13നാണ് ചിത്രത്തിന്റെ റിലീസ്. ട്വിറ്ററിലൂടെയാണ് ഈ കാര്യം അണിയറപ്രവർത്തകർ പുറത്തു വിട്ടത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ആരാധകർ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നുമുണ്ട്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വൻ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വി. വിജയേന്ദ്രപ്രസാദാണ്.

തങ്ങൾ ആഗ്രഹിച്ചത് നേടാൻ രാമരാജുവും ഭീമും ഒന്നിക്കുകയാണെന്ന അടികുറിപ്പോടെ രാമരാജുവും ഭീമും കൈകോര്‍ത്ത് നിൽക്കുന്ന ചിത്രം നേരത്തെ ട്വീറ്റ് ചെയ്തുകൊണ്ട് ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിങ് ആണെന്ന് ടീം അറിയിച്ചിരുന്നു. ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഡി വി വി ധനയ്യയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ചരിത്ര കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

Top