ആര്‍ആര്‍ആര്‍ ബ്രഹ്‌മാണ്ഡ മേക്കിങ് വിഡിയോ പുറത്തിറങ്ങി

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ആര്‍ആര്‍ആര്‍. രൗദ്രം രണം രുധിരം… രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു.

ബാഹുബലിയേക്കാള്‍ വലിയ കാന്‍വാസിലാണ് ആര്‍ആര്‍ആര്‍ ഒരുക്കുന്നതെന്ന റിപ്പോര്‍ട്ടുകളെ ശരിവക്കുന്നതാണ് ചിത്രത്തിന്റെ പിന്നാമ്പുറക്കാഴ്ചകള്‍ വ്യക്തമാക്കുന്നത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ഒരുക്കിയ ചിത്രത്തിന്റെ പടുകൂറ്റന്‍ സെറ്റുകളും, രാംചരണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ആക്ഷന്‍- ഫൈറ്റ് രംഗങ്ങളുമെല്ലാം മേക്കിങ് വീഡിയോയില്‍ കാണാം. 450 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കെ.കെ സെന്തില്‍ കുമാര്‍ ഫ്രെയിമുകള്‍ ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാര്‍ പ്രസാദാണ്. വി. വിജയേന്ദ്രപ്രസാദാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. രാജമൗലി ആര്‍ആര്‍ആറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. കൊമരു ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറും അല്ലൂരി സീതരാമ രാജുവായി രാം ചരണുമെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ ബോളിവുഡ് നടി ആലിയ ഭട്ട് സീത എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും സിനിമ പുറത്തിറക്കും. ഒക്ടോബര്‍ 13നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ആര്‍ആര്‍ആര്‍ 325 കോടി രൂപയുടെ ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

Top