മികച്ച പ്രതികരണം നേടി’ആര്‍ആര്‍ആര്‍’; ആദ്യ ദിനത്തില്‍ റെക്കോഡ് കളക്ഷന്‍

ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു എസ്എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’. കൊവിഡ് പ്രതിസന്ധി സിനിമയുടെ റിലീസിനെ തടസ്സപ്പെടുത്തിയിരുന്നു എങ്കിലും ഏറെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം നേടിയ ആദ്യദിന കളക്ഷന്റെ കണക്കുകള്‍ പുറത്തു വരുകയാണ്. റെക്കോര്‍ഡ് പ്രതികരണമാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയിരിക്കുന്നത്.
ചിത്രം തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. തെലുങ്ക് പതിപ്പിന് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്. 23 കോടി നേടി ഹിന്ദി പതിപ്പിനാണ് രണ്ടാം സ്ഥാനത്ത്. കന്നഡ പതിപ്പിന് 16 കോടിയും തമിഴ് പതിപ്പിന് 9.50 കോടിയും മലയാളത്തില്‍ 4 കോടിയും ആദ്യദിനം നേടി. വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയാണ്. ഇതെല്ലാം ചേര്‍ത്ത് ചിത്രം നേടിയ ആദ്യദിന ആഗോള ഗ്രോസ് 250 കോടിക്ക് അടുത്ത് വരും എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, യുപിയിലെ ചില കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ആര്‍ആര്‍ആറിന് വന്‍ സ്വീകാര്യതയാണ് തൂടക്കം മുതലേ ലഭിച്ചുകൊണ്ടിരിക്കുന്നത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും എത്തുന്നു. രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്റെ യാണ് തിരക്കഥ. ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം.

Top