യുപിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ആര്‍.പി.എന്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാരില്‍ ആഭ്യന്തര സഹ മന്ത്രിയായിരുന്ന ആര്‍ പി എന്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ബി ജെ പി ആസ്ഥാനത്ത് എത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. യുപിയിലെ നേതാക്കളും മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ധര്‍മേന്ദ്ര പ്രധാന്‍, അനുരാഗ് ഠാക്കൂര്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ആര്‍ പി എന്‍ സിങിനൊപ്പം യുപിയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കളും ബി ജെ പി അംഗത്വം സ്വീകരിച്ചു.

അംഗത്വം സ്വീകരിച്ച ശേഷം ബിജെപി നേതൃത്വത്തിന് ആര്‍ പി എന്‍ സിങ് നന്ദി പറഞ്ഞു. പലരും എന്നെ ബി ജെ പി യില്‍ ചേരണമെന്ന് തന്നെ ഉപദേശിച്ചിരുന്നു. കുറേനാള്‍ ചിന്തിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത്. യു പിയില്‍ യോഗി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ക്രമസമാധാന പാലനത്തിലടക്കം വലിയ മികവ് തെളിയിച്ചുവെന്നും ആര്‍ പി എന്‍ സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആയി ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും ആര്‍ പി എന്‍ സിങ് പറഞ്ഞു.

32 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പക്ഷെ പഴയ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് ഇപ്പോഴെന്നും ആര്‍ പി എന്‍ സിങ് പ്രതികരിച്ചു. ആര്‍ പി എന്‍ സിങ് പാര്‍ട്ടി വിടുന്നതില്‍ സന്തോഷമെന്ന് എം എല്‍ എ അംബ പ്രസാദ് പ്രതികരിച്ചു. എ ഐ സി സി ജാര്‍ഖണ്ഡിന്റെ ചുമതല നല്‍കിയിരുന്നത് ആര്‍ പി എന്‍ സിങിനായിരുന്നു.’ശരത്കാലം വരുന്നതിന് അര്‍ത്ഥം വസന്തകാലം വീണ്ടും വരുമെന്നായിരുന്നു യു പി കോണ്‍ഗ്രസിന്റെ പ്രതികരണം.

 

Top