ഓടുന്ന തീവണ്ടിയില്‍ പീഡനശ്രമം; അക്രമിയെ കീഴ്‌പെടുത്തിയ പൊലീസുകാരന് ആദരം

policeman

ന്യൂഡല്‍ഹി: കത്തുവയിലെ എട്ടു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂട്ടത്തില്‍ പൊലീസുകാരനും ഉള്‍പ്പെടുന്നുവെന്ന വാര്‍ത്ത വളരെ നടുക്കത്തോടെയായിരുന്നു കേട്ടത്.രക്ഷിക്കേണ്ട കൈകള്‍ തന്നെ ശിക്ഷിക്കുന്ന ഈ സമയത്ത് മാതൃകയാകുകയാണ് ഈ പൊലീസുകാരന്‍. എല്ലാ പൊലീസുകാരും അങ്ങനെയല്ലെന്ന് തെളിയിക്കുകയാണ് ആര്‍.പി.എഫ് കോണ്‍സ്റ്റബില്‍ ശിവജി.

ഓടുന്ന തീവണ്ടിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ ജീവന്‍ പണയം വച്ചാണ് ആര്‍.പി.എഫ് കോണ്‍സ്റ്റബിളായ ശിവജി കീഴ്‌പ്പെടുത്തിയത്. ഇതിന് ശിവജിക്ക് റെയില്‍വെഅംഗീകാരം നല്‍കിയിരിക്കുകയാണ്. ഒരു ലക്ഷംരൂപ പാരിതോഷികവും ധീരതാ മെഡലും നല്‍കുന്നതിന് റെയില്‍വെമന്ത്രി പീയുഷ് ഗോയല്‍ അനുമതി നല്‍കി.

കഴിഞ്ഞ ഏപ്രില്‍ 23 ന് ചെന്നൈയില്‍ വച്ചാണ് ഓടുന്ന തീവണ്ടിക്കുള്ളില്‍ അക്രമി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നൈറ്റ് പട്രോള്‍ ഡ്യൂട്ടിയിലായിരുന്നു റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിളായ ശിവജി. അടുത്ത ബോഗിയില്‍ നിന്ന് സ്ത്രീയുടെ കരച്ചില്‍ കേട്ട ശിവജി തീവണ്ടിയുടെ വേഗം കുറഞ്ഞ സമയത്ത് ശിവജി ചാടിയിറങ്ങി അടുത്ത ബോഗിയില്‍ കയറുകയായിരുന്നു.

ബോഗിയില്‍ കയറിയപ്പോള്‍ അക്രമി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ശിവജി കണ്ടത്. ഉടന്‍ തന്നെ അക്രമിയെ കീഴ്‌പ്പെടുത്തുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ യുവതിക്ക് പരുക്കേറ്റിരുന്നു.

സത്രീകളുടെ സുരക്ഷയ്ക്ക് റെയില്‍വെ നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കാനാണ് യുവതിയെ രക്ഷപെടുത്തിയ കോണ്‍സ്റ്റബിളിന് പാരിതോഷികം നല്‍കുന്നതെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കി. 2018 സ്ത്രീ സുരക്ഷാ വര്‍ഷമായി റെയില്‍വെ മന്ത്രി നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.

ഓടുന്ന തീവണ്ടിയില്‍നിന്ന് ജീവന്‍ പണയംവച്ച് ചാടിയിറങ്ങുകയും അക്രമിയെ ഒറ്റയ്ക്ക് കീഴ്‌പെടുത്താന്‍ ധൈര്യം കാണിക്കുകയും ചെയ്തത് ശിവജിയുടെ ആത്മാര്‍ഥതയാണ് വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. റെയില്‍വെയുടെയും ആര്‍.പി.എഫിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ച അദ്ദേഹത്തിന്റെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Top