Royal picnic hamper set inside a Rolls Royce

ദുബായ്: ആഡംബരവാഹനമായ റോള്‍സ് റോയ്‌സിലിരുന്ന് ഭക്ഷണംകഴിക്കുമ്പോള്‍ പാത്രങ്ങളും അതിനോടു കിടപിടിക്കണമല്ലോ. അത്തരം ഡിന്നര്‍സെറ്റാണ് റോള്‍സ് റോയ്‌സ് അവരുടെ പുതിയ വാഹനങ്ങളിലെല്ലാം ഒരുക്കുന്നത്. വില 25 ലക്ഷത്തിലേറെ വരും. ദുബായ് മോട്ടോര്‍ ഷോയിലാണ് റോള്‍സ് റോയ്‌സ് ഇതു പ്രദര്‍ശിപ്പിച്ചത്.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ചൈനാ ക്ലേ, ലിനന്‍, തടി എന്നിവയില്‍ തീര്‍ത്തതാണ് ഈ ഡിന്നര്‍സെറ്റ്. സ്റ്റീലില്‍ത്തീര്‍ത്ത എട്ട് സ്പൂണ്‍, നാലു ഫോര്‍ക്ക്, ബ്രെഡ് മുറിക്കാന്‍ ഒരു വലുതടക്കം ഏഴു കത്തികള്‍, നാലു ക്രിസ്റ്റല്‍ വൈന്‍ ഗ്ലാസുകള്‍, മുന്തിയ ചൈനാ ക്ലേയിലുണ്ടാക്കിയ നാലു വലിയ പാത്രങ്ങളും നാലു ചെറിയ പാത്രങ്ങളും, സ്റ്റീലില്‍ത്തീര്‍ത്തതും മൂടിയുള്ളതുമായ ആറു പാത്രങ്ങള്‍, വെളുത്ത ലിനന്‍ തുണികൊണ്ടുണ്ടാക്കി റോള്‍സ് റോയ്‌സിന്റെ ലോഗോ പതിപ്പിച്ച നാലു നാപ്കിനുകള്‍, വിനാഗരിയും എണ്ണയും സൂക്ഷിക്കാനുള്ള ചില്ലുകുപ്പികള്‍, കുരുമുളകും കല്ലുപ്പും ഇടിച്ചുപയോഗിക്കാനുള്ള ചെറിയ രണ്ടു കുപ്പികള്‍, പിന്നെ പച്ചക്കറികളും മറ്റും അരിയാനുള്ള തടിയിലുള്ള ഒരു കട്ടിങ് പ്ലേറ്റ് ഇത്രയുമടങ്ങിയ പിക്‌നിക് ഡിന്നര്‍സെറ്റിന് ദുബായില്‍ നാല്‍പ്പതിനായിരം അമേരിക്കന്‍ ഡോളറാണു വില.

വിനിമയനിരക്ക് നോക്കിയാല്‍ 25 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ. റോള്‍സ് റോയ്‌സിന്റെ എല്ലാ മോഡലുകളിലും ഈ പിക്‌നിക് ഹാന്പര്‍ ഭദ്രമായി സൂക്ഷിക്കാനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. രണ്ടടി നീളവും വീതിയുമുള്ള തടിയിലും സ്റ്റീലിലും തീര്‍ത്ത പെട്ടിക്കുള്ളിലാണ് കാല്‍ കോടിയുടെ ഈ ഡിന്നര്‍സെറ്റ് അടുക്കിയിരിക്കുന്നത്.

Top