ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ഡുക്കാട്ടിയെ റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കുന്നു ?

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുക്കാട്ടിയെ ഇന്ത്യന്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

മലിനീകരണ വിവാദത്തില്‍നിന്ന് തലയൂരുന്നതിനുള്ള വന്‍ തുക കണ്ടെത്തുന്നതിനാണ് ഡുക്കാട്ടിയെ ഫോക്‌സ്‌വാഗണ്‍ വില്‍ക്കുന്നത്.
എന്‍ഫീല്‍ഡിന് പുറമേ ഹീറോ മോട്ടോകോര്‍പ്പും ചില ചൈനീസ് നിര്‍മാതാക്കളും ഡുക്കാട്ടിയെ സ്വന്തമാക്കാന്‍ നേരത്തെ രംഗത്തുണ്ടായിരുന്നു.

നിലവില്‍ ആഗോള വിപണിയില്‍ 25 സ്റ്റോറുകളുള്ള എന്‍ഫീല്‍ഡിന്‌ ഡുക്കാട്ടിയെ സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക് പുറത്തും മുന്‍നിര നിര്‍മാതാക്കള്‍ക്കിടയില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കും.

2012ല്‍ 860 മില്യണ്‍ യൂറോയ്ക്കാണ് (6000 കോടിരൂപ) ഫോക്‌സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള ഔഡി ഡുക്കാട്ടിയെ സ്വന്തമാക്കിയത്.

700 കോടി രൂപയിലേറെ ലാഭം ഡുക്കാട്ടിയില്‍നിന്ന് പ്രതിവര്‍ഷം ഫോക്‌സ്‌വാഗണിന് ലഭിക്കുന്നുവെന്നാണ് കണക്കുകള്‍.

വാഹനങ്ങളുടെ മലിനീകരണം കണ്ടെത്തുന്നതിനുള്ള പരിശോധനകളില്‍ അധികൃതരെ കബളിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ചില ഡീസല്‍ വാഹനങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ സ്ഥാപിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പിഴ.

Top