പുതിയ മോഡലുകളില്‍ ബ്ലൂടൂത്ത്, നാവിഗേഷന്‍ സംവിധാനങ്ങളൊരുക്കി റോയല്‍ എന്‍ഫീല്‍ഡ്

പുതുതായി നിരത്തുകളിലെത്തുന്ന മോഡലുകളില്‍ ബ്ലൂടൂത്ത്, നാവിഗേഷന്‍ സംവിധാനങ്ങളൊരുക്കി റോയല്‍ എന്‍ഫീല്‍ഡ്.

ആദ്യഘട്ടമെന്നോണം മൂന്ന് മോഡലുകളിലായിരിക്കും നല്‍കുക. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങാനൊരുങ്ങുന്ന മീറ്റിയോര്‍ 350-യില്‍ ആയിരിക്കും ബ്ലൂടൂത്ത്, നാവിഗേഷന്‍ ഫീച്ചറുകള്‍ ആദ്യം ഇടംപിടിക്കുക. ഇതിനുപിന്നാലെ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള റോഡ്സ്റ്റര്‍, ഷെര്‍പ്പ, ഹണ്ടര്‍ മോഡലുകളെല്ലാം ഈ സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും നിരത്തുകളിലെത്തുക.

ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ബൈക്കുകളിലെ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമായി സ്മാര്‍ട്ട് ഫോണ്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതിനൊപ്പം എല്‍ഇഡി ഡിസ്‌പ്ലേസും ടേണ്‍ ബൈ ടേണ്‍ റൈഡര്‍ അസിസ്റ്റ് നാവിഗേഷന്‍ സംവിധാനവുമായിരിക്കും നല്‍കുക. സാങ്കേതിക സംവിധാനങ്ങള്‍ നല്‍കുന്നതോടെ ബൈക്കുകളുടെ വിലയും ഉയര്‍ന്നേക്കും.

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് നിരത്തുകളിലെത്താനൊരുങ്ങുന്ന പുതിയ ബൈക്ക് മീറ്റിയോര്‍ 350-യാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍ തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായിരിക്കുമെന്നാണ് സൂചനകള്‍. ബിഎസ് 6 എന്‍ജിനും പുതിയ ഡിസൈന്‍ ശൈലിയുമാണ് ഇതിലെ ഹൈലൈറ്റ്.

Top