നിര്‍മാണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച് പൂട്ടിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ചെന്നൈയ്ക്കടുത്തുള്ള ഒറഗഡാം യൂണിറ്റിലാണ് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ആദ്യം ആരംഭിച്ചത്. ഒറ്റ ഷിഫ്റ്റില്‍ കുറഞ്ഞ ജീവനക്കാരുമായാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.

പ്ലാന്റ് ലൊക്കേഷനുകളിലും പരിസരങ്ങളിലും താമസിക്കുന്ന ജീവനക്കാരെയും ഷോപ്പ് ഫ്ലോര്‍ സ്റ്റാഫുകളെയും ഈ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നതിന് വിന്യസിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അങ്ങനെ ദീര്‍ഘദൂര യാത്ര ഒഴിവാക്കാനും യാത്ര സമയത്ത് സമ്പര്‍ക്കം കുറയ്ക്കാനും കഴിയും. സാമൂഹിക അകലം, ജോലിസ്ഥലത്തെ ശുചിത്വം എന്നി മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

മറ്റ് രണ്ട് നിര്‍മാണ കേന്ദ്രങ്ങളായ തിരുവോട്ടിയൂര്‍, വല്ലം വഡഗല്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ചെന്നൈ, ഗുഡ്ഗാവ്, യുകെ ടെക്നിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ ഉള്‍പ്പെടെ മറ്റെല്ലാ ഓഫീസുകളും അടച്ചിടുന്നത് തുടരും, ജീവനക്കാര്‍ വീട്ടില്‍ നിന്ന് തന്നെ ജോലിചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ ശൃംഖലയുടെ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നെങ്കിലും 120 ഓളം ഡീലര്‍ഷിപ്പുകള്‍ ഭാഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കര്‍ശനമായ സുരക്ഷാ നടപടികളോടെ 300 ഓളം ഡീലര്‍ഷിപ്പുകള്‍ മെയ് പകുതിയോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നൂവെന്നും കമ്പനി വ്യക്തമാക്കി.

Top