royal enfield new model

യുവാക്കള്‍ക്കിടയില്‍ ഹരമായ റോയല്‍ എന്‍ഫീല്‍ഡ് വിപണിയെ വിടാന്‍ ഒരുക്കമല്ല. അവസാനമായി ഇറങ്ങിയ ഹിമാലയന്‍ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കെ പുതിയ മോഡലിനെ കുറിച്ച് ആലോചിക്കുകയാണ് കമ്പനി.

ഹിമാലയനു ശേഷം നിരത്തില്‍ കുതിക്കാന്‍ ഇറങ്ങുന്ന പുതിയ ബൈക്കിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഹിമാലയനില്‍ ഉപയോഗിച്ചിരിക്കുന്ന 410 സിസി എന്‍ജിനു ശേഷം കമ്പനി വികസിപ്പിക്കുന്ന ഏറ്റവും നൂതന സാങ്കേതിക മികവില്‍ തയ്യാറാക്കുന്ന ട്വിന്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും പുതിയ മോഡലില്‍.

ചരിത്രത്തില്‍ ആദ്യമായാണ് റോയല്‍ എന്‍ഫീല്‍ഡ് ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ വികസിപ്പിക്കുന്നത്. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന ബൈക്കില്‍ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കും എന്നാണു സൂചന.

റോയല്‍ എന്‍ഫീല്‍ഡ് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എന്‍ജിനായിരിക്കും പുതിയതിലേതില്‍. ഏകദേശം 45 മുതല്‍ 50 ബിഎച്ച്പി വരെ കരുത്തും 60 മുതല്‍ 70 എന്‍എം വരെ ടോര്‍ക്കുമുള്ള എന്‍ജിനില്‍ കാര്‍ബറേറ്ററായിരിക്കും ഉപയോഗിക്കുക.

യുകെയിലെ പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവില്‍ കോണ്‍ടിനെന്റല്‍ ജിടിയില്‍ പരീക്ഷണയോട്ടം നടത്തുന്ന എന്‍ജിന്‍ ഘടിപ്പിക്കുന്ന ബൈക്കിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.

യൂറോപ്യന്‍ വിപണിയും മുന്നില്‍കണ്ടു നിര്‍മിക്കുന്ന ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കും. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ട്രയംഫ് ബോണ്‍വില്ല തുടങ്ങിയ ബൈക്കുകളുമായി മല്‍സരിക്കാനെത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് 750 ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും.

മൂന്ന് മുതല്‍ നാലു ലക്ഷം വരെയാണു പ്രതീക്ഷിക്കുന്ന വില. 2018 ആദ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക് വിപണിയിലെത്തിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Top