റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വാടകക്ക്; കേരളത്തില്‍ തിരുവനന്തപുരത്തും, കൊച്ചിയിലും

നിരത്തുകളെ രാജകീയമാക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലെവിടെയും അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നു വാടകക്ക് എടുക്കാം. 25 നഗരങ്ങളിലെ 40 മോട്ടോര്‍ സൈക്കിള്‍ റെന്റല്‍ ഓപറേറ്റര്‍മാര്‍ വഴിയാണ് റോയല്‍ എന്‍ഫീല്‍ഡ് റെന്റല്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ കേരളത്തിലെ രണ്ടു നഗരങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഏതാണ്ട് 300ലേറെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകളാണ് വാടകയ്ക്കു നല്‍കാനായി മാറ്റിവെച്ചിരിക്കുന്നത്.

ഇന്ത്യയില്‍ എവിടെയും റൈഡര്‍മാര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ ഗുണനിലവാരത്തിലും, വിശ്വാസ്യതയിലും ലഭ്യമാക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും വാടകക്ക് ലഭിക്കുക.

ദീര്‍ഘദൂരയാത്രകള്‍ക്ക് ബുള്ളറ്റുകള്‍ വാടകക്ക് എടുക്കുന്നതിന് വന്‍ തോതില്‍ ആവശ്യക്കാരുള്ള ലേ, ലഡാക്ക്, മണാലി, ഹരിദ്വാര്‍, ഋഷികേശ്, ഷിംല, തവാങ്,
നൈനിത്താള്‍, ബിര്‍ ബില്ലിങ്, സിലിഗുരി, ഡെറാഡൂണ്‍, ധര്‍മ്മശാല എന്നിവിടങ്ങളിലും ഇനി റോയല്‍ എന്‍ഫീല്‍ഡ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും മോട്ടോര്‍ സൈക്കിളുകള്‍ വാടകയ്ക്ക് ലഭിക്കും. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹ്‌മദാബാദ്, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണ്. കൂടാതെ സഞ്ചാരികള്‍ കൂടുതലായെത്തുന്ന ചണ്ഡീഗഡ്, വിശാഖപട്ടണം, ഭുവനേശ്വര്‍, ജയ്സാല്‍മീര്‍, ജയ്പൂര്‍, ഉദയ്പൂര്‍, ഗോവ തുടങ്ങിയ നഗരങ്ങളിലും റെന്റല്‍ സൗകര്യമുണ്ട്.

റോയല്‍ എന്‍ഫീല്‍ഡിന്റെ വെബ്സൈറ്റ് വഴിയാണ് മോട്ടോര്‍ സൈക്കിള്‍ വാടകയ്ക്ക് എടുക്കാനാവുക. എവിടെ നിന്ന് ഏതു ദിവസമാണ് മോട്ടോര്‍സൈക്കിള്‍ വാടകയ്ക്ക് വേണ്ടതെന്നും എത്ര ദിവസത്തേക്കു വേണമെന്നതും അടക്കമുള്ള കാര്യങ്ങള്‍ വെബ് സൈറ്റ് വഴി നല്‍കണം. ഏതൊക്കെ മോഡലുകളാണ് ലഭ്യമായിട്ടുള്ളതെന്നും എത്രയാണ് വാടകയെന്നും തുടര്‍ന്ന് വെബ് സൈറ്റിലൂടെ അറിയാനാവും.

‘മോട്ടോര്‍സൈക്കിള്‍ വാടകക്കു കൊടുക്കുന്നവരും ടൂര്‍ ഓപറേറ്റര്‍മാരും മെക്കാനിക്കുകളും റൈഡര്‍മാരുമൊക്കെ ചേര്‍ന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മോട്ടോര്‍ സൈക്ലിങ് സംസ്‌ക്കാരം രൂപപ്പെടുത്തിയത്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയും റൈഡര്‍ ഡെസ്റ്റിനേഷനുകളിലേയും മോട്ടോര്‍സൈക്കിള്‍ റെന്റല്‍ ഓപ്പറേറ്റര്‍മാരെ പിന്തുണക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്’ എന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ചീഫ് ബ്രാന്‍ഡ് ഓഫീസര്‍ മോഹിത് ധര്‍ ജയാല്‍ പുതിയ സംരംഭത്തെപ്പറ്റി പ്രതികരിച്ചത്.

Top