ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് ശ്രേണിയിലെ ഡെസര്‍ട്ട് സ്‌റ്റ്രോം തന്നെയാണ് ഡെസര്‍ട്ട് ഫോഴ്‌സ് 400-ന്റെയും എതിരാളി. റോയല്‍ എന്‍ഫീല്‍ഡില്‍ കണ്ടിരിക്കുന്ന ഏതാനും ഫീച്ചറുകളും ഘടകങ്ങളും ഈ ബൈക്കിലും കാണാന്‍ സാധിക്കും. 4,995 യൂറോ (ഏകദേശം 4.12 ലക്ഷം രൂപ ) യാണ് ബൈക്കിന്റെ വില.

റോയല്‍ എന്‍ഫീല്‍ഡ് ഡെസര്‍ട്ട് സ്‌റ്റ്രോമിന് സാമാനമായ ഇളം തവിട്ട് നിറം, മിലിറ്ററി-സ്‌പെക് ബൈക്ക് ഘടകങ്ങളും ഫോഴ്‌സ് 400-ലും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ബൈക്കില്‍ നല്‍കിയിരിക്കുന്ന കളര്‍ ഓപ്ഷന്‍ തന്നെ വീല്‍ റിമ്മിനും നല്‍കിയിരിക്കുന്നത് കാണാം. വശങ്ങളില്‍ ഘടപ്പിക്കാവുന്ന സാഡില്‍ ബാഗും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ക്ലാസിക് ലുക്കില്‍ വൃത്താകൃതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും എല്‍സിഡി യൂണിറ്റാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രിപ്പ് മീറ്റര്‍, സ്പീഡ്, ഫ്യുവല്‍ ഗേജ് തുടങ്ങിയ കാര്യങ്ങള്‍ ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നിന്ന് മനസ്സിലാക്കാം.

397.2 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 27 ബിഎച്ച്പി കരുത്തും 30 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

മുന്നില്‍ 41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് സസ്‌പെന്‍ഷനുമാണുള്ളത്. സുരക്ഷയ്ക്കായി മുന്നില്‍ 280 എംഎം ഡിസ്‌കും പിന്നില്‍ 220 എംഎം ഡിസ്‌കും ആണ് കമ്പനി നല്‍കിയിരിക്കുന്നത്.

അതേസമയം, ബൈക്കിനെ ഇന്ത്യന്‍ വിപണിയില്‍ വില്പ്പനയ്ക്ക് എത്തിക്കുമോ എന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ബൈക്കിന്റെ 103 യൂണിറ്റുകള്‍ മാത്രം നിര്‍മ്മിച്ച് വില്പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

Top