റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ഇന്ത്യന്‍ വിപണിയിലേക്ക്

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകള്‍ ജൂലായ്, ഓഗസ്റ്റ് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് കമ്പനിയുടെ തലവന്‍ സിദ്ധാര്‍ത്ഥ ലാല്‍ അറിയിച്ചു. ഓസ്‌ട്രേലിയയിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുകളില്‍ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇന്റര്‍സെപ്റ്ററിന് എകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 4.5 ലക്ഷം രൂപയുമാണ് ഓസ്‌ട്രേലിയന്‍ വിപണിയിലെ വില. എന്നാല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമ്പോള്‍ ബൈക്കുകള്‍ക്ക് വില കുറയും എന്നാണ് സൂചന.

പുതിയ രണ്ടു റെട്രോ നിറങ്ങളിലായിരിക്കും ബൈക്കുകള്‍ പുറത്തിറങ്ങുന്നതെന്നും സൂചനയുണ്ട്. ചുവപ്പിലും വെള്ളയിലുമാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ഒരുക്കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 കാണപ്പെടുന്നത് കറുപ്പിലും ചാരനിറത്തിലുമാണ്.

റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ഇന്റര്‍സെപ്റ്റര്‍ മാര്‍ക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്റര്‍സെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 648 സിസി കപ്പാസിറ്റിയുള്ള പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ കുതിക്കാന്‍ പുതിയ എന്‍ഫീല്‍ഡ് 650 സഹോദരങ്ങള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top