പുത്തന്‍ ക്ലാസിക്ക് 350 ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി

ക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350യുടെ പരിഷ്‌കരിച്ച പതിപ്പിനെ ബുള്ളറ്റ് പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്നു. ഒടുവില്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുതിയ ക്ലാസിക് 350 ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്‌നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ മീറ്റിയോര്‍ 350ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ ക്ലാസിക്ക് മോഡല്‍. ഈ വര്‍ഷം പുറത്തിറക്കിയ മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. ഡിസൈന്‍, ഫീച്ചര്‍, എന്‍ജിന്‍, പ്ലാറ്റ്ഫോം തുടങ്ങി അടിമുടി മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ അവതരിച്ചിരിക്കുന്നത്. റെട്രോ ക്ലാസിക് രൂപം നിലനിര്‍ത്തുന്നതിനൊപ്പം മോടിപിടിപ്പിക്കുന്നതിനായി പുതുമയുള്ള ഡിസൈനുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

ക്രോമിയം ബെസല്‍ നല്‍കിയുള്ള റൗണ്ട് ഹെഡ്ലാമ്പ്, വൃത്താകൃതിയിലുള്ള ഇന്റിക്കേറ്റര്‍, ക്രോം ആവരണം നല്‍കിയിട്ടുള്ള എക്സ്ഹോസ്റ്റ്, റൗണ്ട് റിയര്‍വ്യൂ മിറര്‍, ടിയര്‍ഡ്രോപ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള പെട്രോള്‍ ടാങ്ക്, മുന്നിലും പിന്നിലുമുള്ള ഫെന്‍ഡറുകള്‍ തുടങ്ങിയവയാണ് ഡിസൈനിങ്ങില്‍ സ്‌റ്റൈലിഷാക്കുന്നത്.

ടെയില്‍ ലാമ്പും പുതിയതാണ്. എന്നാല്‍ മുന്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്യമായ വ്യത്യാസമില്ല. എഞ്ചിനും ഫ്രെയിമും എടുക്കുക മാത്രമല്ല, മറ്റ് ഹൈലൈറ്റുകളായ സ്വിങ്ആം, ബ്രേക്ക്, ഹാന്‍ഡില്‍ബാര്‍ സ്വിച്ചുകള്‍ എന്നിവയെല്ലാം മീറ്റിയോറില്‍നിന്ന് എടുത്തിട്ടുണ്ട്. എഞ്ചിനും ഫ്രെയിമും പാനലുകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുമ്പോള്‍ മീറ്റിയോറിനോട് ഏറ്റവും അടുത്തുനില്‍ക്കുന്നതായി പുറമേ തോന്നുന്നത് പുതിയ ട്രിപ്പര്‍ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ സംവിധാനമാണ്.പുതിയ ക്ലാസികിലെ ഫിറ്റ്, ഫിനിഷ്, ക്വാളിറ്റി നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്.

കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് ക്ലാസിക്കിന്റെ ഹൃദയം. ഇത് 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷയൊരുക്കും. 195 കിലോഗ്രാം ആണ് വാഹനത്തിന്റെ ഭാരം. പുതിയ ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ വാഹനത്തിന്റെ വിറയല്‍ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്.

 

Top