2021 ക്ലാസിക് 350യുടെ ലോഞ്ച് തിയതി പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

royal-enfield

വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെയോ അല്ലെങ്കില്‍ ആദ്യ പകുതിയ്ക്ക് മുന്‍പായോ ലോഞ്ച് ചെയ്യണം എന്ന് റോയല്‍ എന്‍ഫീല്‍ഡ് കണക്ക് കൂടിയ ബൈക്ക് ആണ് 2021 ക്ലാസിക് 350. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം പദ്ധതികളെ അട്ടിമറിച്ചു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം പുത്തന്‍ ക്ലാസിക് 350 വിപണിയിലെത്തുകയാണ്. അടുത്ത മാസം ഒന്നാം തിയതിയാണ് 2021 ക്ലാസിക് 350യുടെ ലോഞ്ച് എന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി. ഈ മാസം 27 ക്രമീകരിച്ചിരുന്ന ലോഞ്ചാണ് പിന്നെയും നീക്കി സെപ്റ്റംബര്‍ ഒന്നിലേക്ക് ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് വില്പനക്കെത്തിച്ച മീറ്റിയോര്‍ തയ്യാറാക്കിയ ജെ-പ്ലാറ്റ്‌ഫോമിലേക്ക് മാറിയാണ് 2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ വരവ്. ജെ-പ്ലാറ്റ്‌ഫോമില്‍ വിപണിലെത്തുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ടാമത് ബൈക്കാണ് 2021 ക്ലാസിക് 350. പ്ലാറ്റ്‌ഫോം മാത്രമല്ല മീറ്റിയോര്‍ 350യില്‍ നിന്നും എന്‍ജിനും പുത്തന്‍ ക്ലാസിക് 350യ്ക്കായി കടമെടുത്തിട്ടുണ്ട്. 6,100 ആര്‍പിഎമ്മില്‍ 20.2 എച്ച്പി പവറും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 349 സിസി, ഫ്യുവല്‍ ഇന്‍ജെക്ടഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുത്തന്‍ ക്ലാസിക് 350യില്‍ ഇടം പിടിക്കുക.

2021 ക്ലാസിക് 350യുടെ പ്രധാന ആകര്‍ഷണം മീറ്റിയോറിലൂടെ അരങ്ങേറിയ ട്രിപ്പര്‍ നാവിഗേഷനാണ്. ഗൂഗിളിന്റെ സഹകരണത്തില്‍ തയ്യാറാക്കിയിരിക്കുന്ന ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ആണ് ട്രിപ്പര്‍ നാവിഗേഷന്‍. ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വലതുവശത്തായാണ് ട്രിപ്പര്‍ നാവിഗേഷന്റെ ഡിസ്‌പ്ലേ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ മാറ്റം വരുത്തും.

 

Top