ഈ ബൈക്കുകളുടെ വില വീണ്ടും കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

ക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഇരട്ടകളുടെ പരിഷ്‌കരിച്ച പതിപ്പിനെ ഈ വര്‍ഷം മാര്‍ച്ചിലാണ് വിപമിയില്‍ എത്തിച്ചത്. പുത്തന്‍ നിറങ്ങളാണ് 2021 റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി ബൈക്കുകളുടെ ആകര്‍ഷണം. 6,000 രൂപയോളം വില കൂട്ടിയാണ് 2021 പതിപ്പ് കമ്പനി വിപണിയില്‍ എത്തിച്ചത്. മൂന്ന് മാസങ്ങള്‍ക്കകം ഇരു ബൈക്കുകളുടെയും വില റോയല്‍ എന്‍ഫീല്‍ഡ് വീണ്ടും വര്‍ദ്ധിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

6,486 രൂപ വരെയാണ് 2021 ഇന്റര്‍സെപ്റ്റര്‍ 650യ്ക്ക് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം 6,809 രൂപ വരെയാണ് 2021 കോണ്ടിനെന്റല്‍ ജിടിയുടെ വില റോയല്‍ എന്‍ഫീല്‍ഡ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുത്തന്‍ നിറങ്ങളോടൊപ്പം റോയല്‍ എന്‍ഫീല്‍ഡ് ആരംഭിച്ച ‘മെയ്ക്ക് ഇറ്റ് യുവേഴ്‌സ്’ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് ബൈക്കുകള്‍ അണിയിച്ചൊരുക്കാന്‍ വിവിധ അക്സെസറികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ഡിസൈനിലുള്ള സീറ്റുകള്‍, ടൂറിങ് മിററുകള്‍, ഫ്‌ലൈ സ്‌ക്രീനുകള്‍, സമ്പ് ഗാര്‍ഡുകള്‍, എന്നിങ്ങനെ പോകുന്നു പുതുതായി അവതരിപ്പിച്ച ആക്സസറികളുടെ നീണ്ട നിര.

2018 നവംബറിലാണ് കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്. 2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് 648 സിസിയില്‍ പാരലല്‍ ട്വിന്‍ എഞ്ചിന്‍ ഒരുങ്ങുന്നത്.

എല്‍ഫീല്‍ഡിന്റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്റര്‍സെപ്റ്ററും കോണ്ടിനെന്റല്‍ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്റര്‍സ്‌പെറ്റര്‍. കഫേ റേസര്‍ ബൈക്കിന്റെ രൂപവും ഭാവവുമായി കോണ്ടിനെന്റല്‍ ജിടി. എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും.

ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ ചേര്‍ന്ന 648 സിസി, പാരലല്‍-ട്വിന്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് 2021 പതിപ്പിലും. ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ എന്‍ജിന്‍ 46.8 ബിഎച്പി പവറും 52 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത് ഇരു മോഡലുകള്‍ക്കും 6-സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.

 

Top