മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന ചെയ്യാൻ അവസരമൊരുക്കി റോയല്‍ എന്‍ഫീല്‍ഡ്

ദില്ലി: ആദ്യമായി ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പേരില്‍ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന പ്രചാരണം ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്. മീറ്റിയോര്‍ 350 മോട്ടോർസൈക്കിളിനെ അടിസ്ഥാനപ്പെടുത്തി പുതിയ രൂപകല്‍പന ചെയ്യാനുള്ള അവസരമാണ്‌ കമ്പനി നൽകിയിരിക്കുന്നത്. ഇന്ത്യയില്‍ ക്രിയാത്മകതയെ പരിപോഷിപ്പിക്കുക, മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങളെ പ്രകടമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം നല്‍കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.

റോയല്‍ എന്‍ഫീഡ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ സ്വയം ആശയ പ്രകാശനം നടത്താനുള്ള താല്‍പര്യം വളര്‍ത്തുകയും ആഗോള മോട്ടോര്‍ സൈക്കിള്‍ രൂപകല്‍പനാ ആവാസ വ്യവസ്ഥ വളര്‍ത്താനുമാണ് റോയല്‍ എന്‍ഫീല്‍ഡ് രൂപകല്‍പന പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്പനി മാര്‍ക്കറ്റിങ് വിഭാഗം ആഗോള തലവന്‍ ശുഭ്രാന്‍ശു സിംഗ് പറഞ്ഞു. ഒരാളുടെ ഭാവന, അനുഭവങ്ങള്‍, വാഹനമോടിക്കാനുള്ള ആഗ്രഹം, സ്വയം-പരിശോധന നടത്തുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് ഈ പ്രചാരണത്തിന്റെ തീം.

ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും തങ്ങളുടെ രൂപകല്‍പന അയക്കാനും സാധിക്കും. ആര്‍ ഇ ചോയ്‌സ്, പ്രോ ജഡ്‍ജസ് ചോയ്‌സ്, പബ്ലിക് ചോയ്‌സ് എന്നീ വിഭാഗങ്ങളിലായി മൂന്ന് വ്യത്യസ്ത ജൂറി പാനലുകള്‍ മൂന്ന് രൂപകല്‍പനകളെ തെരഞ്ഞെടുക്കും. ഏറ്റവും മികച്ച മൂന്ന് രൂപകല്‍പനകള്‍ ചെയ്‍തവര്‍ക്ക് ഐ എന്‍ ടി സി സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. കൂടാതെ, ചെന്നൈയിലെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ ടെക് സെന്ററില്‍ വച്ച് വിജയികള്‍ക്ക് കമ്പനിയുടെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ടീമുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തങ്ങളുടെ രൂപകല്‍പനയെ മെച്ചപ്പെടുത്തി നിര്‍മ്മാണ യോഗ്യമാക്കാന്‍ സാധിക്കുകയും ചെയ്യും.

രൂപകല്‍പനയെ മെച്ചപ്പെടുത്തിയശേഷം ഇന്ത്യയിലുള്ള ഒരു കസ്റ്റം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവുമായി ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കകം രൂപകല്‍പനയ്ക്ക് ജീവന്‍ നല്‍കാനും സാധിക്കും. ബൈക്ക് എക്‌സിഫിന്റെ സീനിയര്‍ എഡിറ്ററായ വെസ് റെയ്‌നെക്ക്, റോളന്‍ഡ് സാന്‍ഡ്‌സ് ഡിസൈനിലെ റോളന്‍ഡ് സാന്‍ഡ്‌സ്, രാജ്പുത്താന കസ്റ്റംസിലെ വിജയ് സിംഗ്, മോട്ടോര്‍ വേള്‍ഡിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ പാബ്ലോ ചാറ്റര്‍ജി എന്നിവരാണ് ആശയങ്ങളേയും രൂപകല്‍പനകളേയും വിലയിരുത്തുന്നത്.

Top