ഇന്റര്‍സെപ്റ്റര്‍ ജിടി, കോണ്ടിനെന്റല്‍ ജിടി 650 ബൈക്കുകളുടെ വിതരണം ജനുവരി മുതല്‍

ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിച്ച റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ജിടി, കോണ്ടിനെന്റല്‍ ജിടി 650 എന്നീ രണ്ട് മോഡലുകളുടെ ബുക്കിങ് തകൃതിയായി മുന്നേറുകയാണ്. നിലവില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ജനുവരി അവസാനത്തോടെ ഇവരണ്ടും കൈമാറുമെന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ രണ്ട് മോഡലിന്റെയും 1000 യൂണിറ്റ് വീതം 2000 ബൈക്കുകള്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ആദ്യ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് രണ്ട് മോഡലിനും കരുത്തേകുന്നത്. ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. പുതിയ രണ്ടു റെട്രോ നിറങ്ങളിലായിരിക്കും ബൈക്കുകള്‍ പുറത്തിറങ്ങുന്നത്. ചുവപ്പിലും വെള്ളയിലുമാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ഒരുക്കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 കാണപ്പെടുന്നത് കറുപ്പിലും ചാരനിറത്തിലുമാണ്.

റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ഇന്റര്‍സെപ്റ്റര്‍ മാര്‍ക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്റര്‍സെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 648 സിസി കപ്പാസിറ്റിയുള്ള പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ കുതിക്കാന്‍ പുതിയ എന്‍ഫീല്‍ഡ് 650 സഹോദരങ്ങള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top