വിരാടിനെയും എബിയെയും വില്‍ക്കാന്‍ സമ്മതമാണോ?; വൈറലായി രാജസ്ഥാന്റെ ട്വീറ്റ്

ബെംഗളൂരു: ഐപിഎല്‍ 13ാം സീസണിലെ ലേലത്തിനു മുന്‍പുള്ള താരങ്ങളുടെ കൈമാറ്റത്തിന് തിരശ്ശീല വീണതിന് പിന്നാലെ രസകരമായ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

രഹാനെയെ രാജസ്ഥാന്‍ ഡല്‍ഹിക്ക് കൈമാറിയ വിവരം പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം. രഹാനെയെ വിറ്റ് ആരാധകരെ ഞെട്ടിച്ച രാജസ്ഥാന്‍ റോയല്‍സിനോട് ട്വിറ്ററിലൂടെ ഒരു ആരാധകന്‍ ചോദിച്ച സംശയത്തില്‍ നിന്നാണ് എല്ലാറ്റിന്റെയും തുടക്കം.

രാജസ്ഥാന്‍ റോയല്‍സിനെ ടാഗ് ചെയ്ത് ആരാധകന്റെ ചോദ്യമിങ്ങനെ:

‘സഞ്ജു സാംസണിനെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വില്‍ക്കാന്‍ താല്‍പര്യമുണ്ടോ?’ ബാറ്റിങ് നിരയിലെ വിശ്വസ്തനായിരുന്ന രഹാനെയെ രാജസ്ഥാന്‍ നിര്‍ദ്ദാക്ഷിണ്യം കയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് ടീമിലെ മറ്റൊരു പ്രമുഖ താരമായ സഞ്ജുവിനെ വില്‍ക്കുന്നുണ്ടോ എന്ന ചോദ്യവുമായി ആരാധകന്‍ രംഗത്തെത്തിയത്.

ഇതിന് രാജസ്ഥാന്റെ മറുപടി ഇങ്ങനെ:

‘ഉം, വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്‌സ്) വില്‍ക്കാന്‍ സമ്മതമാണോ?’ മറുപടി ട്വീറ്റില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ടാഗ് ചെയ്യാനും രാജസ്ഥാന്‍ മറന്നില്ല.

തൊട്ടുപിന്നാലെ മറുപടിയുമായി റോയല്‍ ചാലഞ്ചേഴ്‌സ് രംഗത്തെത്തി. ‘മിസ്റ്റര്‍ നാഗിനെ നിങ്ങള്‍ക്കു തരാം’ എന്നു കുറിച്ച അവര്‍ ഇതുകൂടി അതിനൊപ്പം ചേര്‍ത്തു: പതുക്കെ അദ്ദേഹം ഇവിടേക്കു തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ക്കറിയാം…’ !

Top