പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 24 റണ്‍സ് ജയം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. ഫാഫ് ഡു പ്ലെസിസ് (84), വിരാട് കോലി (59) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18.2 ഓവറില്‍ 150ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് പഞ്ചാബിനെ തകര്‍ത്തത്. 46 റണ്‍സ് നേടിയ പ്രഭ്‌സിമ്രാനാണ് ടോപ് സ്‌കോറര്‍. ജിതേശ് ശര്‍മ 41 റണ്‍സെടുത്തു.

ടോസിലെ നിര്‍ഭാഗ്യം ആര്‍സിബിയെ ബാറ്റിംഗില്‍ ബാധിച്ചില്ല. വിരാട് കോലിയും-ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് ഒരിക്കല്‍ കൂടി ആര്‍സിബിക്ക് തകര്‍പ്പന്‍ തുടക്കമിട്ടു, പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ആര്‍സിബിയെ 59 റണ്‍സിലെത്തിച്ചു. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡൂപ്ലെസിയാണ് തകര്‍ത്തടിച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് ശേഷം ആറാം ഓവറില് 60ല്‍ എത്തിയ ആര്‍സിബി പക്ഷെ പന്ത്രണ്ടാം ഓവറിലാണ് 100 കടന്നത്. 10 മുതല്‍ 15 വരെയുള്ള അഞ്ചോവറില്‍ 39 റണ്‍സ് മാത്രമാണ് ആര്‍സിബിക്ക് നേടാനായത്.

ഇതിനിടെ വിരാട് കോലി 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. അര്‍ധസെഞ്ചുറിക്ക് പിന്നാലെ നേഥന്‍ എല്ലിസിനെ സിക്‌സിന് പറത്തി ഗിയര്‍ മാറ്റാനൊരുങ്ങിയ കോലിയെ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മ പറന്നു പിടിച്ചു. ഇതിന് തൊട്ടു മുമ്പ് സാം കറന്റെ പന്തില്‍ ഫാഫ് ഡൂപ്ലെസി നല്‍കിയ അനായാസ ക്യാച്ച് ജിതേഷ് ശര്‍മ നഷ്ടമാക്കിയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 137 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് കോലി മടങ്ങിയത്, 47 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും പറത്തിയ കോലി 59 റണ്‍സടിച്ചു.

കോലി മടങ്ങിയതിന് പിന്നാലെ ബ്രാറിന്റെ ആദ്യ പന്തില്‍ സിക്‌സിന് ശ്രമിച്ച ഗ്ലെന്‍ മാക്‌സ്വെല്‍ ഗോള്‍ഡന്‍ ഡക്കായി. പതിനെട്ടാം ഓവറില്‍ നേഥന്‍ എല്ലിസിനെ സിക്‌സ് അടിച്ചതിന് പിന്നാലെ വീണ്ടും സിക്‌സിന് ശ്രമിച്ച ഡൂപ്ലെസി(56 പന്തില്‍ 84) മടങ്ങി. അഞ്ച് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ഡൂപ്ലെസി 84 റണ്‍സടിച്ചത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ദിനേശ് കാര്‍ത്തിക്കും (5 പന്തില്‍ 7)മടങ്ങിയതോടെ 200 കടക്കുമെന്ന് തോന്നിച്ച ആര്‍സിബി 174 റണ്‍സിലൊതുങ്ങി. അവസാന നാലോവറില്‍ 37 റണ്‍സെ ആര്‍സിബിക്ക് റണ്‍സെ നേടാനായുള്ളു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ടും അര്‍ഷദീപും നേഥന്‍ എല്ലിസും ഓരോ വിക്കറ്റും വീഴ്ത്തി.

മോശം തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ പഞ്ചാബ് നാലിന് 43 എന്ന നിലയായി. അഥര്‍വ ടെയ്‌ഡെ (4), ലിയാം ലിവിംഗ്സ്റ്റണ്‍ (2) എന്നിവരെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. മാത്യു ഷോര്‍ട്ടിന് വാനിന്ദു ഹസരങ്ക ബൗള്‍ഡാക്കിയപ്പോള്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ (13) സിറാജിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. അതേ സമയം പ്രഭ്‌സിമ്രാന്‍ സിംഗ് (30 പന്തില്‍ 46) ഒരറ്റത്ത് പിടിച്ചുനിന്നു. എന്നാല്‍ ക്യാപ്റ്റന്‍ സാം കറന്‍ (10) പോയതോടെ അഞ്ചിന് 76 എന്ന നിലയിലായി പഞ്ചാബ്.

പിന്നീട് ജിതേശ് ശര്‍മയുമൊത്ത് (41) പഞ്ചാബിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ സിമ്രാനും വീണതോടെ പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഹര്‍പ്രീത് ബ്രാര്‍ (13), നതാന്‍ എല്ലിസ് (1) എന്നിവരെ 18-ാം ഓവറില്‍ ബൗള്‍ഡാക്കിയ സിറാജ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി. 19-ാം ഓവറില്‍ ജിതേഷിനെ (41) ഹര്‍ഷല്‍ മടക്കിയതോടെ ആര്‌സിബി വിജയം സ്വന്തമാക്കി. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഹസരങ്ക, വെയ്ന്‍ പാര്‍നെല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

Top