മുംബൈ ഇന്ത്യന്‍സിനെ പോലെ ഒരു ശക്തമായ ടീമല്ല റോയല്‍ ചലഞ്ചേഴ്‌സ്: കോളിന്‍ ഡെ ഗ്രാന്‍ഡ്ഹോം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പിന് തുടക്കമാകാന്‍ രണ്ട് മാസം മാത്രമാണുള്ളത്. ആദ്യമായി കിരീടം സ്വന്തമാക്കാനും വീണ്ടും ഐപിഎല്‍ ചാമ്പ്യന്മാരാകാനും ഓരോ ടീമും ആരാധകരും ആഗ്രഹിക്കുന്നു. മികച്ച ടീമിനെ അണിനിരത്തിയിട്ടും കഴിഞ്ഞ 16 സീസണിലും കിരീടം നേടാന്‍ കഴിയാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിനെ പോലെ ഒരു ശക്തമായ ടീമല്ല റോയല്‍ ചലഞ്ചേഴ്‌സ് എന്നാണ് ഇതിനോട് ന്യൂസിലാന്‍ഡ് മുന്‍ ഓള്‍ റൗണ്ടര്‍ കോളിന്‍ ഡെ ഗ്രാന്‍ഡ്ഹോമിന്റെ പ്രതികരണം.

സിംബാബ്വെക്കാരനായ ഗ്രാന്‍ഡ്‌ഹോം ന്യൂസിലാന്‍ഡിന് വേണ്ടിയാണ് ക്രിക്കറ്റ് കളിച്ചത്. 2012ല്‍ സിംബാബ്വെയ്‌ക്കെതിരെ ഗ്രാന്‍ഡ്‌ഹോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി. 2019ലെ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയപ്പോള്‍ നിര്‍ണായകമായ താരങ്ങളിലൊരാളായിരുന്നു ഗ്രാന്‍ഡ്‌ഹോം.

റോയല്‍ ചലഞ്ചേഴ്‌സ് മികച്ച ടീമാണ്. എന്നാല്‍ രണ്ടോ മൂന്നോ കളിക്കാരെ അമിതമായി ആശ്രയിച്ചാണ് ടീം കളിക്കുന്നത്. ഇത് അവര്‍ക്ക് തിരിച്ചടിയാകുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ഒരിക്കലും ഒരു ബാലന്‍സ് ചെയ്ത ടീമായിരുന്നില്ല. മികച്ച താരങ്ങള്‍ മോശം പ്രകടനം നടത്തിയാല്‍ ടീം പരാജയപ്പെടുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ താരത്തിന്റെ പ്രതികരണം.

Top