ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് കിരീടം നേടും; പ്രഖ്യാപനവുമായി മൈക്കല്‍ വോണ്‍

ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇംഗ്ലണ്ട് ടീം നായകന്‍ മൈക്കല്‍ വോണ്‍. തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്ക് വച്ചത്.

ഐപിഎല്ലിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ കഴിയാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കരുത്തുറ്റ ടീമിനെ അണിനിരത്തിയാണ് ബാംഗ്ലൂര്‍ ഓരോ സീസണിലും കളിക്കാനെത്തുന്നതെങ്കിലും കിരീടം മാത്രം അവര്‍ക്ക് കിട്ടാക്കനിയായി നിലനില്‍ക്കുകയാണ്. എല്ലാ സീസണുകളിലും ഫേവറിറ്റുകളായെത്തുന്ന ബാംഗ്ലൂരിന് പക്ഷേ ടൂര്‍ണമെന്റില്‍ കാലിടറുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ സീസണിലും ബാംഗ്ലൂരെത്തിയത് ഫേവറിറ്റുകളായിട്ടായിരുന്നു. കൊഹ്ലി, ഡിവില്ലിയേഴ്‌സ്, ഡികോക്ക്, മക്കല്ലം എന്നീ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും പക്ഷേ സീസണില്‍ ഒന്നും ചെയ്യാനായില്ല.

കൊഹ്ലിക്കും, ഡിവില്ലിയേഴ്‌സിനും പുറമേ, സ്റ്റോയിനിസ്, ഹെറ്റ്‌മെയര്‍, ശിവം ഡൂബെ എന്നിവരുടേയും സാന്നിധ്യം ടീമിനെ അതി ശക്തരാക്കുന്നു. പതിവ് പോലെ ശക്തമായ നിരയുമായെത്തുന്ന ബാംഗ്ലൂര്‍ ഇത്തവണയും കിരീട സാധ്യതയുള്ള ടീമുകളില്‍ മുന്നിലാണ്. ഈ സാഹചര്യത്തിലാണ് ബാംഗ്ലൂര്‍ ഐപിഎല്‍ കിരീടം നേടുമെന്ന് പ്രവചിച്ച് മൈക്കല്‍ വോണ്‍ രംഗത്തെത്തിയിരിക്കുന്നത്.

Top