പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമ റോയ് ഡാനിയേലും ഭാര്യയും പൊലീസില്‍ കീഴടങ്ങി

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമ റോയ് ഡാനിയേലും ഭാര്യയും പൊലീസില്‍ കീഴടങ്ങിയതായി വിവരം. പത്തനംതിട്ട എസ്പി ഓഫിസിലെത്തിയാണ് ഇരുവരും കീഴടങ്ങിയതെന്നാണ് സൂചന. ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സ്ഥാപന ഉടമ റോയ് ഡാനിയേലിന്റെ മക്കളായ റിനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയും വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചു. രണ്ട് പേരെയും പത്തനംതിട്ടയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

രാജ്യം വിടാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് വെള്ളിയാഴ്ചയാണ് ഇരുവരും പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ദുബായ് വഴി ഓസ്‌ട്രേലിയയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. അതേസമയം കേസില്‍ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധവിയുടെ നേതൃത്വത്തില്‍ 25 പേര്‍ അടങ്ങുന്ന സംഘം രൂപീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഹര്‍ഷിത അട്ടല്ലൂരി മേല്‍നോട്ടം വഹിക്കും.

വിദേശത്തെ സാമ്പത്തിക ഇടപാട് അന്വേഷിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണക്ക്. സംസ്ഥാനവ്യാപകമായി പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപന ഉടമയ്‌ക്കെതിര പരാതി ലഭിച്ചിട്ടുണ്ട്. നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കോന്നി വകയാറിലെ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.

Top