റൂട്ട് മാറി; യു.പിയിലേക്ക് യാത്ര തിരിച്ച ശ്രമിക് ട്രെയിന്‍ എത്തിയത് ഒഡീഷയില്‍

ലക്‌നൗ: ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ യാത്ര തിരിച്ച ശ്രമിക് ട്രെയിനിന് വഴിതെറ്റി. മഹാരാഷ്ട്രയിലെ വസായ് റോഡില്‍ നിന്നു ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ ട്രെയിനാണ് വഴിതെറ്റി ഒഡീഷയിലെ റൂര്‍ക്കലയില്‍ എത്തിയത്. റൂട്ട് മാറി പോയതാണ് വഴി തെറ്റാനുള്ള കാരണമെന്നാണ് റെയില്‍വേയുടെ വിശദീകരണം.

മഹാരാഷ്ട്രയില്‍ നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ശ്രമിക് ട്രെയിന്‍ 30 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് വഴി തെറ്റി ഒഡീഷയിലെ റൂര്‍ക്കലയിലെത്തിയത്. ട്രെയിന്‍ റൂര്‍ക്കലയിലെത്തിയ ശേഷമാണ് യാത്രക്കാര്‍ പോലും വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്.

അതേസമയം, യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ടെങ്കിലും സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

Top