പോലീസിനെ നേരിടാന്‍ റോട്ട്‌വീലര്‍ നായയും വടിവാളും; കൊല്ലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതി

കൊല്ലം: ചിതറയില്‍ സജീവന്‍ എന്ന പ്രതിയെ 48 മണിക്കൂര്‍ കഴിഞ്ഞും പിടികൂടാന്‍ കഴിയാതെ പോലീസ്. വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പിടിക്കാൻ വളര്‍ത്തുനായകളെ പേടിച്ച് പോലീസിന് വീട്ടുവളപ്പില്‍ കയറാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അഗ്‌നിരക്ഷാസേയുടെ സഹായത്തോടെ ഒരു നായയെ പിന്നീട് പുറത്തേക്ക് മാറ്റി. റോട്ട്‌വീലര്‍ ഇനത്തില്‍പെട്ട നായയെയാണ് ഉദ്യാഗസ്ഥര്‍ മതില്‍ക്കെട്ടിന് പുറത്തേക്കു മാറ്റിയത്. മറ്റു നായക്കളെക്കൂടി മാറ്റിയതിന് ശേഷം വീടിനകത്ത് പ്രവേശിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

വ്യാഴാഴ്ചയാണ് സജീവന്‍ വടിവാള്‍ വീശി വളര്‍ത്തുനായകള്‍ക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നീട് നായകളെ അഴിച്ചുവിട്ട് സജീവന്‍ ഗേറ്റ് പൂട്ടി വീടിനകത്ത് ഇരിക്കുകയായിരുന്നു. പുറത്തിറങ്ങുന്ന സമയത്ത് ഇയാളെ പിടികൂടാന്‍ വേണ്ടി സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ നാല് പോലീസുകാരെ മഫ്തിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ അയാള്‍ പുറത്തിറങ്ങിയില്ല.

പ്രദേശവാസിയായ സുപ്രഭയുടെ വീട് സ്വന്തമാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുപ്രഭയുടെ പരാതിയില്‍ പ്രതിക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ഇത്. 72 വയസ്സുള്ള സ്ത്രീയാണ് സുപ്രഭ. വെള്ളിയാഴ്ച പോലീസ് എത്തിയെങ്കിലും നായ ഉള്ളതിനാല്‍ പോലീസിന് ഇയാളെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല.

വസ്തുവിന്റെ രേഖകള്‍ കൈവശമുണ്ടെന്നും അത് തന്റെ പിതാവ് വാങ്ങിയതാണെന്നുമാണ് സജീവന്റെ വാദം. എന്നാല്‍ പല വീടുകളിലും എത്തി ഇയാള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.

Top