‘എവരിതിങ് ഈസ് സിനിമ’ ; റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക്‌

‘എവരിതിങ് ഈസ് സിനിമ’ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജൂണിലാണ് മേള ആരംഭിക്കുന്നത്. ഡോണ്‍ പാലത്തറയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  വ്യത്യസ്തവും പ്രത്യേകതകളുമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ തന്റെ ചിത്രവും പരിഗണിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഡോണ്‍ പാലത്തറ വ്യക്തമാക്കി.

തന്റെ മറ്റ് ചിത്രങ്ങള്‍ പോലെ തന്നെ വളരെ ചുരുക്കം പ്രോപ്പര്‍ട്ടീസ് മാത്രമാണ് ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. ഒരു അഭിനേതാവ് മാത്രമാണ് ഉള്ളത്. ക്യാമറയാണ് നായകന്‍. ഒരാളിലൂടെയാണ് സിനിമ പുരോഗമിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി. ഷെറിന്‍ കാതറീന്‍ ആണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലും കളറിലുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഫ്രഞ്ച് സംവിധായകനായ ലൂയിസ് മാള്‍ കല്‍ക്കട്ടയെക്കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ പുതിയ ആവര്‍ത്തനം ഒരുക്കുന്നതിനായി ഒരാള്‍ തയ്യാറെടുക്കുന്നു. അപ്പോഴാണ് കല്‍ക്കട്ടയില്‍ ലോക്ക് ഡൗണ്‍ വരുന്നത്. അതോടെ അയാള്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു. തുടര്‍ന്ന് തകര്‍ന്നുകൊണ്ടിരിക്കുന്ന അയാളുടെ ബന്ധങ്ങളെക്കുറിച്ച് അയാള്‍ ചിന്തിക്കുവാന്‍ തുടങ്ങുന്നു. തുടക്കത്തില്‍ പ്രേക്ഷകരുടെയും പ്രധാന നടന്റെയും പോയിന്റ് ഓഫ് വ്യൂവിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. കല്‍ക്കട്ടയുടെ ദൃശ്യങ്ങള്‍ക്ക് പുറമെ അകത്തുള്ള ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top