അവസരവാദ രാഷ്ട്രീയത്തിന്റെ പ്രകടമായ മുഖമാണ് പി.ജെ.ജോസഫ്. അധികാരം എവിടെയുണ്ടോ അവിടേക്ക് ചാടാന്‍ ഒരു ഉളുപ്പുമില്ലാത്ത രാഷ്ട്രീയ നേതാവാണ് അദ്ദേഹം. ഭരണമാറ്റം മുന്നില്‍ കണ്ട് ഇടതുപക്ഷത്ത് നിന്നും യു.ഡി.എഫില്‍ എത്തിയതും പിന്നീട് കേരള കോണ്‍ഗ്രസ്സ് എമ്മില്‍ ലയിച്ചതും വ്യക്തമായ കണക്ക് കൂട്ടലില്‍ തന്നെയായിരുന്നു. ഇവിടെ കണക്ക് കൂട്ടല്‍ തെറ്റിയത് കെ.എം മാണിക്ക് മാത്രമാണ്.’വീട്ടിലേക്ക് വിളിച്ചു കയറ്റിയവന്‍’ വീടു തന്നെ ലക്ഷ്യമിടുമെന്ന് മരിക്കുന്നത് വരെ സാക്ഷാല്‍ മാണിക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മാണിയുടെ കേരള കോണ്‍ഗ്രസ്സിനെയാണ് അദ്ദേഹത്തിന്റെ മരണത്തോടെ ജോസഫ് വിഴുങ്ങാന്‍ തീരുമാനിച്ചത്. ഈ നെറികെട്ട നീക്കത്തിന് കോണ്‍ഗ്രസ്സും കൂട്ടു നില്‍ക്കുകയായിരുന്നു.
ഒടുവില്‍ യു.ഡി.എഫിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാണി വിഭാഗത്തെ പുറത്താക്കുകയും ചെയ്തു. ജോസ്.കെ മാണിക്കൊപ്പം മാണി വിഭാഗം നേതാക്കള്‍ പോകില്ലെന്ന വിശ്വാസവും ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ സകല കണക്ക് കൂട്ടലുകളും തെറ്റിയിരിക്കുകയാണ്. എം.എല്‍.എമാരായ റോഷി അഗസ്റ്റ്യന്‍, എന്‍ ജയരാജ്, കോട്ടയം എം.പി തോമസ് ചാഴിക്കാടന്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷവും ജോസിനൊപ്പമാണ് ഇടതുപക്ഷത്ത് എത്തിയിരിക്കുന്നത്. സി പി.ഐ ഉടക്കുമെന്ന യു.ഡി.എഫ് പ്രതീക്ഷയും തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്. ഇടതുപക്ഷം ഒറ്റക്കെട്ടായാണ് ജോസ്.കെ മാണി വിഭാഗത്തെ വരവേറ്റിരിക്കുന്നത്. ഇനിയാണ് ശരിക്കും അങ്കം നടക്കാന്‍ പോകുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ആരംഭിക്കുന്ന ‘യുദ്ധം’ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കലാശിക്കുക. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പ് വരുത്താന്‍ സകല ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് ജോസ്.കെ മാണി വിഭാഗത്തിന്റെ തീരുമാനം. ഇതില്‍ അവര്‍ പ്രധാനമായും നോട്ടമിടുന്നത് പി.ജെ. ജോസഫ് വിഭാഗം നേതാക്കളെ കൂടിയാണ്. തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി ഉള്‍പ്പെടെ ജോസഫ് വിഭാഗം മത്സരിക്കുന്ന മണ്ഡലങ്ങള്‍ പ്രത്യേകം ‘ടാര്‍ഗറ്റ്’ ചെയ്യാനാണ് നീക്കം. ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ ഇത്തവണ വരും. ജോസ് വിഭാഗത്തില്‍ നിന്നോ അതല്ലെങ്കില്‍ പൊതു സമ്മതനെയോ പരിഗണിക്കാനാണ് സാധ്യത.
ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റ്യന്‍ മുന്നണി വിട്ടതോടെ നിയമസഭയില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള യുഡിഎഫിന്റെ ഏക അംഗബലം ഇപ്പോള്‍ പി.ജെ.ജോസഫ് മാത്രമാണ്. അഞ്ചു മണ്ഡലങ്ങളുള്ള ജില്ലയില്‍ കോണ്‍ഗ്രസ്സിന് നിലവില്‍ ഒരു എം.എല്‍.എ പോലുമില്ല. മൂന്ന് എണ്ണം ഇടതുപക്ഷത്തിന്റെ കൈവശമാണുള്ളത്. റോഷിയുടെ വരവോടെ അതാകട്ടെ നാലായും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 2006 മുതലുള്ള മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിന് ഒരാളെപ്പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 91ലും 2001 ലും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. 96ല്‍ ദേവികുളത്ത് മാത്രമാണ് അവര്‍ വിജയിച്ചത്. എല്‍ഡിഎഫ് പക്ഷത്തു നിന്ന് 96ലും, 2006ലും വിജയിച്ച പി ജെ ജോസഫ് പിന്നീടാണ് യുഡിഎഫിലേക്ക് കൂറുമാറിയിരുന്നത്.
2011, 2016 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെയും മാണി വിഭാഗത്തിന്റെയും പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഇടുക്കി സീറ്റു കൂടി പിടിച്ചെടുക്കാന്‍ ജോസഫ് ശ്രമം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. തൊടുപുഴയിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ജോസഫ് വിരുദ്ധരെ കൂട്ട് പിടിച്ചുള്ള ഒരു മറുപടിയാണ് തൊടുപുഴയില്‍ ജോസ്.കെ മാണി വിഭാഗം ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ജോസഫിനെ വീഴ്ത്തിയാല്‍ പ്രതികാരം പൂര്‍ണ്ണമാകുമെന്നതാണ് ഈ വിഭാഗത്തിന്റെ നിലപാട്. ഇതിന് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കരുത്ത് ജോസ് വിഭാഗത്തിന്റെ ആത്മ വിശ്വാസവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
5-ല്‍ 5 സീറ്റും തൂത്തുവാരുക എന്നതാണ് ജില്ലയിലെ ഇടതു ലക്ഷ്യം. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന ഇടുക്കി മണ്ഡലത്തില്‍ തുടര്‍ച്ചയായി കഴിഞ്ഞ 4 വട്ടവും വിജയിച്ചത് റോഷി അഗസ്റ്റ്യനാണ്. ജനകീയനായ ഈ നേതാവ് ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. പുതിയ സാഹചര്യത്തില്‍ ചരിത്ര ഭൂരിപക്ഷമാണ് റോഷി അഗസ്റ്റ്യന്‍ പ്രതീക്ഷിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലം കൂടിയാണ് ഇടുക്കി. അതേ സമയം അടുത്ത തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആവശ്യം അണികളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് ജോസഫ് വിഭാഗം വകവച്ച് കൊടുക്കാന്‍ സാധ്യതയില്ല.
ഇടുക്കി സീറ്റ് കോണ്‍ഗ്രസ് കൈവശപ്പെടുത്തുമെന്ന കടുത്ത ആശങ്ക പി ജെ ജോസഫിനുമുണ്ട്. ഇതുകൂടി മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസിന് ഒരു സീറ്റും വിട്ടുകൊടുക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായി പി ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഉടുമ്പും ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളില്‍ ഇത്തവണയും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. ഇടുക്കി റോഷിയിലൂടെ വീണ്ടും ചരിത്രം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സി.പി.എമ്മിനും സംശയമില്ല.
തുടര്‍ച്ചയായ അഞ്ചാം തവണയും ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുന്ന റോഷി അഗസ്റ്റ്യന്‍ വികസന നായകനായാണ് അറിയപ്പെടുന്നത്. ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് അനുവദിപ്പിക്കുന്നതിലും കട്ടപ്പനയെ മുനിസിപ്പാലിറ്റി ആക്കി ഉയര്‍ത്തുന്നതിലും തുടങ്ങി പ്രളയ കാലത്ത് വരെ റോഷി നടത്തിയ ഇടപെടല്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്. കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗത്തിന്റെ വരവോടെ സമ്പൂര്‍ണ്ണ ആധിപത്യമാണ് ഇടുക്കിയില്‍ ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.