പിതാവിന്റെ പിന്‍ഗാമിയായി റോഷ്‌നി നാടാര്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ് കമ്പനിയുടെ തലപ്പത്തേക്ക്

നോയിഡ: പിതാവ് ശിവ നാടാരുടെ പിന്‍ഗാമിയായി ഇന്ത്യയില്‍ ഏറ്റവുമധികം ആസ്തിയുള്ള വനിത റോഷ്‌നി നാടാര്‍ മല്‍ഹോത്ര എച്ച്‌സിഎല്‍ ടെക്‌നോളജീസ് കമ്പനിയുടെ തലപ്പത്തേക്ക്. 38 കാരിയായ റോഷ്‌നി നാടാറിന്റെ കമ്പനിയുടെ നോണ്‍എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള സ്ഥാനക്കയറ്റം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.

ശിവ നാടാര്‍ എച്ച്‌സിഎല്‍ ടെക്കിന്റെ മാനേജിങ് ഡയറക്ടറായി തുടരും. ന്യൂഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന റോഷ്‌നിയുടെ പ്രാഥമിക വിദ്യാഭ്യാസം വസന്ത് വാലി സ്‌കൂളിലായിരുന്നു. അമേരിക്കയിലെ ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

നിലവില്‍, എച്ച്സിഎല്‍ കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയും എച്ച്സിഎല്‍ ടെക്‌നോളജീസ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണും ശിവ നാടാര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമാണ് റോഷ്‌നി. 2013ല്‍ അഡീഷനല്‍ ഡയറ്കടറായാണ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്വെയര്‍ എക്‌സ്‌പോര്‍ട്ടര്‍ കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസിലേക്ക് റോഷ്‌നി വരുന്നത്.
2009 മുതല്‍തന്നെ എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെ ബോര്‍ഡംഗമായിരുന്നു. 2019 വരെയുള്ള കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവുമധികം സമ്പാദ്യമുള്ള വനിതയാണ് റോഷ്‌നി നാടാര്‍ മല്‍ഹോത്ര. 31,400 കോടി രൂപയുടെ ആസ്തിയാണ് റോഷ്‌നിക്കുള്ളത്.

Top