ഏഷ്യന്‍ ഗെയിംസ് വുഷു 60 കിലോഗ്രാം വിഭാഗത്തില്‍ റോഷിബിനാ ദേവിക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അഞ്ചാം ദിവസം ഇന്ത്യയ്ക്ക് മെഡലോടെ തുടക്കം. വുഷു 60 കിലോഗ്രാം വിഭാഗത്തില്‍ റോഷിബിനാ ദേവി വെള്ളി മെഡല്‍ സ്വന്തമാക്കി. ചൈനയുടെ വു സിയാവോയിയോടാണ് ഇന്ത്യന്‍ താരം ഫൈനലില്‍ തോറ്റത്. ആദ്യ റൗണ്ടിന്റെ തുടക്കത്തില്‍ ചൈനീസ് താരത്തിനെതിരെ പിടിച്ചുനില്‍ക്കാന്‍ റോഷിബിനാ ദേവി ബുദ്ധിമുട്ടി. ഇത് ചൈനീസ് താരത്തിന് ശക്തമായ തുടക്കത്തിന് അവസരമൊരുക്കി. പിന്നാലെ ചൈനീസ് താരത്തെ മാറ്റില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമണ ശൈലിയില്‍ ചൈനീസ് താരം മുന്നേറി.

ഏഷ്യന്‍ ഗെയിംസ് വുഷുവില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം വെള്ളി മെഡലാണിത്. മുമ്പ് സന്ധ്യാറാണി ദേവിയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയിട്ടുള്ളത്. എട്ട് തവണ ഇന്ത്യന്‍ താരങ്ങള്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ 24 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

രണ്ടാം റൗണ്ടില്‍ റോഷിബിനാ ദേവി തിരികെ വരാന്‍ ശ്രമം നടത്തി. എന്നാല്‍ ഇന്ത്യന്‍ താരത്തിന് ശരീരത്തിന് നേരെ ആക്രമണം നടത്തി വു സിയാവോയി രണ്ടാം റൗണ്ടിലും മുന്നിലെത്തി. സ്‌കോര്‍ 2-0ത്തിന് ചൈനീസ് താരം വിജയിച്ചു. ജക്കാര്‍ത്ത ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ റോഷിബിനാ ദേവി ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേട്ടവും സ്വന്തമാക്കി.

Top