മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇതോടെ ആദ്യ അറിയിപ്പ് നല്‍കി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്‌നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഇക്കാര്യം കാണിച്ച് കേന്ദ്രസര്‍ക്കാരിനും കത്തയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തി. മുല്ലപ്പെരിയാര്‍ തുറന്നാലുള്ള വെള്ളം നിലവില്‍ ഇടുക്കി ഡാമിന് ഉള്‍ക്കൊള്ളാനാകുമെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു.

അതേസമയം പത്തനംതിട്ട മലയോരമേഖലയില്‍ കനത്ത മഴ പെയ്തു. കോന്നിയില്‍ ഒരുമണിക്കൂറിനിടെ 74 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ആങ്ങമൂഴി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കോട്ടമണ്‍പാറയില്‍ ഒരു കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. എരുമേലിയില്‍ കനത്ത മഴയില്‍ തടയണ തകര്‍ന്നു. ചെമ്പകപ്പാറ എസ്‌റ്റേറ്റ് പാറമടയിലെ തടയണയാണ് തകര്‍ന്നത്. കുറുമ്പന്‍മൂഴി വനത്തിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും വിവരം.

Top