റോഷന്‍ മാത്യുവിന്റെ ബോളിവുഡ് ചിത്രം തുടങ്ങി

ടി കപ്യാരേ കൂട്ടമണി, ആനന്ദം ചിത്രങ്ങളില്‍ തുടങ്ങി പിന്നീട് കൂടെ, മൂത്തോന്‍, സി യു സൂണ്‍, കപ്പേള എന്നീ സിനിമകളിലൂടെ മലയാളത്തിന്റെ യുവതാരനിരയില്‍ ഇടംപിടിച്ച നടനാണ് റോഷന്‍ മാത്യു. ചോക്ഡ് എന്ന സിനിമയിലൂടെ ബോളിവുഡിലേക്കും താരം ചുവടുവച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ആലിയ ഭട്ടിന്റെ നായകനായി റോഷന്‍ മാത്യുവിന്റെ മറ്റൊരു ബോളിവുഡ് ചിത്രം കൂടി വരുന്നതായി ഈ മാസമാദ്യം പ്രഖ്യാപനമുണ്ടായിരുന്നു.

ഡാര്‍ലിങ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആലിയ ഭട്ടിന്റെ ആദ്യ നിര്‍മാണസംരഭം കൂടിയാണ്. തന്റെ ആദ്യനിര്‍മാണ സംരഭവും അതിനേക്കാള്‍ ഉപരി താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ആദ്യ ദിവസം കൂടിയാണിന്ന്, എന്ന് കുറിച്ചുകൊണ്ട് ആലിയ ഡാര്‍ലിങ്സിന്റെ അണിയറവിശേഷങ്ങള്‍ പങ്കുവച്ചു.

കഥാപാത്രത്തിനായി മേക്കപ്പ് ഇടുന്ന ചിത്രങ്ങളും സ്‌ക്രിപ്റ്റ് വായിക്കുന്ന ചിത്രങ്ങളും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കഥാപാത്രത്തിനെ കുറിച്ച് നല്ല ടെന്‍ഷന്‍ ഉണ്ടെന്നും റോഷന്‍ മാത്യു, വിജയ് വര്‍മ, ഷെഫാലി ഷാ തുടങ്ങിയ സഹതാരങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ എല്ലാവരുടെയും ആശംസകള്‍ വേണമെന്നും ആലിയ ഭട്ട് പറഞ്ഞു. ജസ്മീത് കെ. റീന്‍ ആണ് ഡാര്‍ലിങ്‌സ് സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ടിന് പുറമെ ഷാരൂഖ് ഖാനും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാകുന്നു.

 

Top