Roshan Andrew’s new movie ‘School Bus’

കുഞ്ചാക്കോബോബന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്‌കൂള്‍ ബസ് ഈ മാസം 27 ന് പ്രദര്‍ശനത്തിനെത്തും. സ്‌കൂള്‍ ബസുകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.

കുട്ടികളുടെയും സ്‌കൂളിന്റെയും പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും സസ്‌പെന്‍സും തമാശയും ഒക്കെ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗൗരവമേറിയ ചില സാമൂഹ്യപ്രശ്‌നങ്ങള്‍ കൂടി സ്‌കൂള്‍ ബസ് മുന്നോട്ട് വയ്ക്കുന്നുണ്ടെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഇത് കുട്ടികളുടെ മാത്രം ചിത്രമല്ല. കുടുംബവിഷയങ്ങള്‍ കൂടി സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ഗോപകുമാര്‍ എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

യുവതാരങ്ങള്‍ പലരും പൊലീസ് വേഷങ്ങള്‍ ചെയ്ത് കൈയടി വാങ്ങുമ്പോള്‍ കുഞ്ചാക്കോ ബോബന്റെ ഈ പൊലീസ് വേഷം വളരെ വ്യത്യസ്തമാണ്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മകള്‍ ഏയ്ഞ്ചലീനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മലയാളത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കാഴ്ചവച്ച് പ്രേക്ഷക ശ്രദ്ധ നേടിയ അപര്‍ണാ ഗോപിനാഥും ശക്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, അപര്‍ണ ഗോപിനാഥ് എന്നിവര്‍ക്ക് തുല്യപ്രാധാന്യമാണ് സ്‌കൂള്‍ബസിലുള്ളത്.

കുട്ടികളിലൂടെയാണ് കഥ പറഞ്ഞുപോകുന്നതെങ്കിലും ഇടവേളയ്ക്ക് ശേഷം ഗൗരവമേറിയ ചില വിഷയങ്ങളിലേക്ക് സിനിമ കടന്നുപോകുന്നുണ്ട്.

ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. കൊച്ചിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എ.വി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി.അനൂപാണ് ചിത്രം നിര്‍മ്മിച്ചത്.

Top