ഷാഹിദ് കപൂറിനെ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു

ഷാഹിദ് കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു. പൂജ ഹെഡ്‌ഗെ ആണ് നായിക. പൂജയുടെ പിറന്നാള്‍ ദിനമാണ് പുതിയ ചിത്രത്തിലെ കാസ്റ്റിംഗ് പ്രഖ്യാപനത്തിനായി നിര്‍മ്മാതാക്കള്‍ തെരഞ്ഞെടുത്തത്. പൂജയ്ക്കും ഷാഹിദിനും സിദ്ധാര്‍ഥ് റോയ് കപൂറിനുമൊപ്പമുള്ള ചിത്രവും റോഷന്‍ ആന്‍ഡ്രൂസ് പങ്കുവച്ചിട്ടുണ്ട്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഹിദ് കപൂര്‍ വേഷമിടുന്നത്. 2005 ല്‍ ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തുകൊണ്ട് അരങ്ങേറിയ ആളാണ് റോഷന്‍ ആന്‍ഡ്രൂസ്. നോട്ട്ബുക്ക്, ഇവിടം സ്വര്‍ഗമാണ്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ, കായംകുളം കൊച്ചുണ്ണി അടക്കം മലയാളത്തില്‍ ഇതുവരെ 11 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേക്ക് ജ്യോതികയെ നായികയാക്കി 36 വയതിനിലേ എന്ന പേരിലും സംവിധാനം ചെയ്തു. നിവിന്‍ പോളി നായകനായ സാറ്റര്‍ഡേ നൈറ്റ് ആണ് റോഷന്റെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.

Top