റോസ് ടെയ്‌ലറിന് ഇന്ന് 37ാം പിറന്നാള്‍

ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലറിന് ഇന്ന് 37ാം പിറന്നാള്‍. ന്യൂസിലന്‍ഡ് ടീമിലെ മുതിര്‍ന്ന താരമെന്ന നിലയില്‍ ബഹുമാന്യനാണ് ടെയ്‌ലര്‍, ലോക ക്രിക്കറ്റിലെ ആധുനിക കാലഘട്ടത്തിലെ മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ടെയ്‌ലര്‍ക്ക് ലോകമൊട്ടാകെ ആരാധകരുണ്ട്. കിവികള്‍ക്ക് വേണ്ടി ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരം കൂടിയാണ് ടെയ്‌ലര്‍. പ്രായത്തിനു പോലും പിടി കൊടുക്കാതെ മുന്നേറുന്ന താരം പ്രതിഭ കൊണ്ട് പ്രായത്തെ മറി കടക്കുകയാണ്.

മത്സരങ്ങളില്‍ തുടക്കം കുറിച്ച ആദ്യ കാലത്ത് നിന്നും പക്വതയുള്ള ഒരു കിവീസ് ബാറ്റ്‌സ്മാനായി മാറാന്‍ റോസിന് അധിക കാലം വേണ്ടി വന്നില്ല.മികച്ച പ്രകടനമാണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അദ്ദേഹം കാഴ്ച വെയ്ക്കുന്നത്. കഴിഞ്ഞ ദശാബ്ദകാലം ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഒരു മികച്ച ബാറ്റ്‌സ്മാന്‍ കൂടി ആണ് ടെയ്‌ലര്‍. ഏകദിനത്തിലും ടെസ്റ്റിലുമായി 45ന് മുകളിലാണ് ടെയ്‌ലറുടെ ആവറേജ് 7000ത്തിന് മുകളില്‍ റണ്‍സും ടെയ്‌ലറിന് സ്വന്തം.  ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‌റെ താങ്ങും തണലുമായി നിന്ന് ടീമിനെ മുന്നോട്ട് നയിക്കുന്നതില്‍ റോസ് വളരെയേറെ പങ്ക് വഹിച്ചു. ടീമിനെ നയിച്ച എല്ലാ നായകന്‍മാരുടെയും വിശ്വസ്തന്‍ കൂടിയായിരുന്നു റോസ്, ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പം കിവീസ് മികച്ച ടീമായി വളര്‍ന്നപ്പോള്‍ ടെയ്‌ലറും തന്‌റെ ടീമിനെ ഉയര്‍ത്താന്‍ വളരെയേറെ പങ്ക് വഹിച്ചു.

എന്നാല്‍ പല ക്രിക്കറ്റ് ചര്‍ച്ചാ വേദികളിലും അദ്ദേഹത്തിന്‌റെ പേര് ആരും പറഞ്ഞ് കേട്ടിരുന്നില്ല.ടെയ്‌ലറുടെ വിജയങ്ങളില്‍ അധികമാരും ആവേശം കൊണ്ടതുമില്ല,ആഘോഷിക്കാറുമില്ല.ലോകത്തെ മികച്ച ബാറ്റ്‌സ്മാന്മാരുടെ പേരുകള്‍ പരാമര്‍ശിക്കുന്നിടത്ത് ടെയ്‌ലറുടെ പേര് ആരും കൊട്ടിഘോഷിക്കാറുമില്ല,സ്മരിക്കാറുമില്ല. പലപ്പോഴും ഇദ്ദേഹത്തെ ക്രിക്കറ്റ് ലോകം സൗകര്യപൂര്‍വം മറക്കുകയാണാ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പല വിജയങ്ങളിലും മികച്ചു നില്‍ക്കുമ്പോഴും അഭിമാനിക്കുന്നതില്‍ കവിഞ്ഞ് അഹങ്കരിച്ചിട്ടില്ല എന്നതും റോസിനെ ജനപ്രിയനാക്കുന്നു. റോസ് ക്രീസിലിറങ്ങിയാല്‍ ആളാകെ മാറും. ഗാലറിയാകെ ആവേശ തിരയിലാഴ്ത്തും.ക്രിക്കറ്റ് ആരാധകര്‍ എബി ഡി വില്ലിയേഴ്‌സിന്‌റെ വിജയം കൊട്ടിഘോഷിക്കുന്നതിന് കാലങ്ങള്‍ക്ക് മുന്നേ റോസിന്‌റെ പേര് ഗാലറിയില്‍ മുഴങ്ങിക്കേട്ട ഒരു സമയമുണ്ടായിരുന്നു.ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കാണികളെ പുളകം കൊള്ളിച്ച തീപ്പൊരി ഇന്നിങ്സുകളും റോസിന്‌റെ കരിയറിന് മാറ്റുകൂട്ടി.

Top