റൊണാള്‍ഡോയുടെ പെനാല്‍റ്റി; ഘാന റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകിയതായി റിപ്പോർട്ട്

ദോഹ: പോര്‍ച്ചുഗലുമായുള്ള മത്സരത്തിലെ റഫറി ഇസ്മയില്‍ എല്‍ഫാത്തിനെതിരെ ഘാന ഫുട്ബോള്‍ അസോസിയേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ലോകകപ്പില്‍ പുതു ചരിത്രമെഴുതിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലിയാണ് പ്രധാനമായും പരാതി എന്നാണ് പുറത്ത് വരുന്ന വിവരം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റിക്ക് പുറമെ റഫറി വിവിധ വിഷയങ്ങളില്‍ ഘാനയ്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചതെന്നുള്ള ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അനുവദിച്ച പെനാല്‍റ്റിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഘാന ആരാധകര്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. പെനാല്‍റ്റി അനുവദിച്ചപ്പോള്‍ തന്നെ ഘാന താരങ്ങള്‍ റഫറിക്ക് ചുറ്റുംകൂടി തീരുമാനം മാറ്റണണെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. റഫറിയോട് വാര്‍ ചെക്ക് ചെയ്യണമെന്ന് ഘാന താരങ്ങള്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍, റഫറി തന്‍റെ നിലപാടില്‍ ഉറച്ച് നിന്നു.

വാര്‍ റൂമില്‍ നിന്ന് പ്രത്യേകിച്ച് നിര്‍ദേശങ്ങള്‍ ഒന്നും തന്നെ വന്നുമില്ല. ഘാന പരിശീലകന്‍ തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. ആ ഗോള്‍ റഫറിയുടെ സമ്മാനമാണെന്നാണ് ഘാന പരിശീലകന്‍ ഓഡോ അഡോ തുറന്നടിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടിനാവാതെ പോര്‍ച്ചുഗല്‍ കിതയ്ക്കുമ്പോഴാണ് 65-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. ബോക്സിനുള്ളില്‍ റൊണാള്‍ഡോയെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്.

എന്നാല്‍, അമേരിക്കന്‍ റഫറി ഇസ്മയില്‍ എല്‍ഫാത്തിന്‍റേത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ഇപ്പോള്‍ ഘാന പരിശീലകന്‍ വാദിക്കുന്നത്. അതൊരു തെറ്റായ തീരുമാനം ആയിരുന്നു. എന്തുകൊണ്ടാണ് വാര്‍ ഇടപെടാത്തതെന്ന് മനസിലാകുന്നില്ലെന്നും ഓഡോ അഡോ പറഞ്ഞു. ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം.

പക്ഷേ, റൊണാള്‍ഡോയുടെ ഗോള്‍ ഒരു സമ്മാനമായിരുന്നു, ശരിക്കും ഒരു സമ്മാനം. ഇതേക്കുറിച്ച് ശാന്തമായ രീതിയിൽ റഫറിയോട് ചോദിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം ഒരു മീറ്റിംഗിലാണെന്ന് പറഞ്ഞു. അര്‍ഹമായ മഞ്ഞക്കാര്‍ഡ‍ുകള്‍ ചിലത് ലഭിച്ചു. പക്ഷേ, കൗണ്ടര്‍ അറ്റാക്കുകള്‍ തടഞ്ഞതും ജഴ്സി പിടിച്ച് വലിച്ചതുമായ കാര്യങ്ങള്‍ക്ക് അവര്‍ക്ക് മഞ്ഞക്കാര്‍ഡുകള്‍ നല്‍കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top