റൊണാള്‍ഡോയുടെ അല്‍ നസ്റിനായുള്ള അരങ്ങേറ്റം പി എസ് ജിക്കെതിരെ

റിയാദ്: ലോകകപ്പിനുശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ- ലിയോണല്‍ മെസി നേര്‍ക്കുനേര്‍ പോരാട്ടം ഈ മാസം 19ന് റിയാദില്‍ നടക്കും. രാത്രി എട്ടിന് റിയാദിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ ‘റിയാദ് സീസൺ കപ്പിനാ’യി നടക്കുന്ന പോരാട്ടത്തിലാണ് ആരാധകര്‍ക്ക് വീണ്ടും മെസി-റൊണാള്‍ഡോ പോരാട്ടം നേരില്‍ കാണാനാകുക. മത്സരത്തിനായുള്ള ടിക്കറ്റുകള്‍ ബുക്കിങ് ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോയിരുന്നു.

ലിയോണല്‍ മെസിക്കൊപ്പം സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും പി എസ് ജിക്കായി കളിക്കാനിറങ്ങും. അല്‍ നസ്റില്‍ ഔദ്യോഗികമായി അവതരിപ്പിച്ചുവെങ്കിലും റൊണാള്‍ഡോ ഇതുവരെ ക്ലബ്ബിനായി കളിക്കാനിറങ്ങിയിട്ടില്ല. 19ന് പി എസ് ജിക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസ്റിനെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ നസ്റിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍(എഫ് എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്.

സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ കളിക്കില്ലെന്ന് അല്‍ നസ്ര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 22ന് എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാള്‍ഡോ അല്‍ നസ്ര്‍ കുപ്പായത്തില്‍ അരങ്ങേറുക എന്നായിരുന്നു സൂചന. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പി എസ് ജിക്കെതിരായ മത്സരത്തില്‍ തന്നെ അല്‍ നസര്‍ റൊണാള്‍ഡോയെ കളിപ്പിച്ചേക്കുമെന്ന് അല്‍ നസ്ര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍ നസ്റിനൊപ്പം അല്‍ ഹിലാല്‍ ക്ലബ്ബിലെ അംഗങ്ങല്‍ കൂടി ചേരുന്ന സംയുക്ത ടീമാണ് റിയാദ് സീസൺ കപ്പില്‍ 19ന് പി എസ് ജിയെ നേരിടുക. മാഞ്ചസ്റ്റര്‍ യുണൈറ്റ് താരമായിരുന്ന റൊണാള്‍ഡോ റെക്കോര്‍ഡ് തുകക്കാണ് സൗദി ക്ലബ്ബ് അല്‍ നസ്റുമായി രണ്ടര വര്‍ഷത്തെ കരാറിലൊപ്പിട്ടത്

Top