സൗദിയില്‍ പി എസ് ജിക്കെതിരെ റിയാദ് എസ് ടി ഇലവന്റെ ക്യാപ്റ്റനായി റൊണാള്‍ഡോ അരങ്ങേറും

റിയാദ്: സൗദ് ക്ലബ്ബ് അല്‍ നസ്റിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അരങ്ങേറ്റം ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്കെതിരെ. അല്‍-നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ഇലവനായ റിയാദ് എസ് ടി ഇലവന്റെ നായകനായാണ് റൊണാള്‍ഡോ മെസിയും നെയ്മറും എബാപ്പെയും ഉള്‍പ്പെടുന്ന പി എസ് ജിക്കെതിരെ കളിക്കാനിറങ്ങുക.

അല്‍ നസ്റില്‍ ഔദ്യോഗികമായി അവതരിപ്പിച്ചുവെങ്കിലും റൊണാള്‍ഡോ ഇതുവരെ ക്ലബ്ബിനായി കളിക്കാനിറങ്ങിയിട്ടില്ല. ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍(എഫ് എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന റൊണാള്‍ഡോ ലോകകപ്പിന് തൊട്ടു മുമ്പാണ് ക്ലബ്ബുമായി തെറ്റിപ്പിരിഞ്ഞ് കരാര്‍ റദ്ദാക്കിയത്. പിന്നീടാണ് അല്‍ നസ്‌റുമായി 200 മില്യണ്‍ യൂറോക്ക് രണ്ടര വര്‍ഷ കരാറില്‍ റൊണാള്‍ഡോ ഒപ്പിട്ടത്.

റിയാദ് എസ് ടി ഇലവനില്‍ ലോകകപ്പില്‍ അര്‍ജന്റീനയക്കെതിരെ ഗോളടിച്ച സൗദി താരം സലേം അല്‍ ദസൗരിയും സൗദ് അബ്ദുള്‍ഹമീദും ഉണ്ട്. വ്യാഴാഴ്ച റിയാദിലാണ് മത്സരം നടക്കുക. മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനായി ഇരുപത് ലക്ഷത്തോളം അപേക്ഷകളാണ് സംഘാടകര്‍ക്ക് ലഭിച്ചത്. ഒരു കോടി സൗദി റിയാലാണ് മത്സരം കാണാനുളള അവസാന ടിക്കറ്റ് ലേലത്തിന് വെച്ചപ്പോള്‍ ലഭിച്ചത്. 10 ലക്ഷം സൗദി റിയാൽ അടിസ്ഥാന തുകയിലാണ് ലേലം വിളി തുടങ്ങിയത്.

ജേതാക്കളെ കിരീടമണിയിക്കാനും കളിക്കാരോടൊപ്പം ഫോട്ടോ എടുക്കാനും ഇരുടീമുകളുടെയും ഡ്രസ്സിങ് റൂമിൽ പ്രവേശിക്കാനും ടീമുകൾക്കൊപ്പം ഭക്ഷണം കഴിക്കാനുമുള്ള അവസരമാണ് അവസാന ടിക്കറ്റ് നേടുന്നയാൾക്ക് ലഭിക്കുക.അല്‍ നസ്റിനൊപ്പം അല്‍ ഹിലാല്‍ ക്ലബ്ബിലെ അംഗങ്ങല്‍ കൂടി ചേരുന്ന സംയുക്ത ടീമാണ് റിയാദ് സീസൺ കപ്പില്‍ 19ന് പി എസ് ജിയെ നേരിടുക

Top