‘അയാള്‍ കള്ളം പറയുന്നു’; ബലോന്‍ ദ് ഓറില്‍ മോഹമില്ല, മെസിയോട് മത്സരമില്ലെന്ന് ക്രിസ്റ്റ്യാനോ

ഫ്രാന്‍സ് ഫുട്ബോള്‍ എഡിറ്റര്‍-ഇന്‍-ചീഫ് പാസ്‌കല്‍ ഫെറെയ്ക്കെതിരെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്നെ കുറിച്ച് ഫെറെ നുണ പറയുകയാണെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രസ്താവിച്ചു.

ബലോന്‍ ദ് ഓര്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ ടീമിനെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും റൊണാള്‍ഡോ തുറന്നു പറഞ്ഞു.

ലയണല്‍ മെസിയേക്കാള്‍ കൂടുതല്‍ ബലോന്‍ ദ് ഓര്‍ നേടി വിരമിക്കുകയാണ് തന്റെ ആഗ്രഹമെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നതായി ബലോന്‍ ദ് ഓര്‍ ചീഫ് പാസ്‌കല്‍ ഫെറെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം രംഗത്തുവന്നിരിക്കുന്നത്.

ഫെറെ സ്വയം പ്രമോട്ട് ചെയ്യാനും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തെ പ്രോത്സാഹിപ്പിക്കാനും തന്റെ പേര് ഉപയോഗിച്ചു എന്ന് റൊണാള്‍ഡോ കുറ്റപ്പെടുത്തി.

ഫ്രാന്‍സ് ഫുട്ബോളിനെയും ബലോന്‍ ദ് ഓറിനേയും ബഹുമാനിക്കുന്ന ഒരാളോട് തികഞ്ഞ അനാദരവാണ് ഉണ്ടായിരിക്കുന്നത്, അഭിമാനകരമായ സമ്മാനം നല്‍കുന്ന ഒരു വ്യക്തി ഈ രീതിയില്‍ കള്ളം പറയുന്നത് അംഗീകരിക്കാനാവില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.

തനിക്ക് വേണ്ടിയും തന്റെ ക്ലബ്ബുകള്‍ക്കുവേണ്ടിയും വിജയിക്കണം. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടിയും ജയിക്കും. ക്ലബ്ബുകള്‍ക്കും ദേശീയ ടീമിനുമായി ദേശീയ അന്തര്‍ദേശീയ കിരീടങ്ങള്‍ നേടുക എന്നതാണ് കരിയറിലെ ഏറ്റവും വലിയ അഭിലാഷമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

Top