റൊണാള്‍ഡോയും നെയ്മറും ബെന്‍സെമയും ഒന്നിക്കുന്നു

സൗദി പ്രോ ലീഗ് ക്ലബ്ബുകളിലെ വമ്പന്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും കരീം ബെന്‍സെമയും സാദിയോ മാനെയുമെല്ലാം ഒരു ടീമില്‍ അണിനിരക്കുന്നു. എതിരാളികള്‍ എഫ് എ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും. അങ്ങനെയുള്ള ഒരു സൂപ്പര്‍ പോരാട്ടത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോ നയിക്കുന്ന സൗദി പ്രോ ലീഗ് ഓള്‍ സ്റ്റാര്‍ ടീമാണ് സൗഹൃദ മത്സരത്തില്‍ സിറ്റിയെ നേരിടുന്നത്. റിയാദ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കുന്ന സൂപ്പര്‍ മത്സരത്തിന് കളമൊരുങ്ങുന്നത്.

സൗദിയില്‍ ആരാധക പിന്തുണ ഉറപ്പിക്കാനുള്ള പ്രോ ലീഗ് അധികൃതരുടെ ക്ഷണം സിറ്റി ഉപേക്ഷിക്കാതിരിക്കാനാണ് സാധ്യത. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തിരക്കേറിയ ഷെഡ്യൂള്‍ കാരണം ഇരു ടീമുകളില്‍ നിന്നും ഔപചാരിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്ക് മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ മത്സരിക്കേണ്ടതുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരീം ബെന്‍സെമയും റയല്‍ മാഡ്രിഡില്‍ സഹതാരങ്ങളായിരുന്നു. എങ്കിലും നെയ്മറും റൊണാള്‍ഡോയും ഒരുടീമിന് വേണ്ടി കളിക്കുന്നതിന് ഫുട്ബോള്‍ ലോകം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ ആരാധകര്‍ക്ക് ഏറ്റവും ആവേശം നല്‍കുന്ന മത്സരങ്ങളിലൊന്നായി ഇത് മാറും.

 

 

Top