സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് ഇഷ്ടപ്പെടാതെ റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടു; വിമര്‍ശനവുമായി പരിശീലകന്‍

മാഞ്ചസ്റ്റര്‍: സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് ഇഷ്ടപ്പെടാതെ ഗ്രൗണ്ട് വിട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. റയല്‍ വല്ലേക്കാനോക്കെതിരായ പ്രീ സീസണ്‍ പോരാട്ടത്തിലാണ് സംഭവം. സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാന്‍ നിക്കാതെ റൊണാള്‍ഡോ ഡഗ് ഔട്ട് വിട്ടിരുന്നു. റൊണാള്‍ഡോയുടെ ഈ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കി.

ദീര്‍ഘനാളത്തെ വിശ്രമത്തിനുശേഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ തിരിച്ചെത്തിയ റൊണാള്‍ഡോ റയല്‍ വല്ലോക്കാനക്കെതിരെ ആദ്യ ഇലവനില്‍ ഇറങ്ങിയെങ്കിലും അദ്യ പകുതിക്ക് ശേഷം ടെന്‍ ഹാഗ് ടെന്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. അമാദ് ഡിയാലോ ആണ് രണ്ടാം പകുതിയില്‍ റൊണാള്‍ഡോയുടെ പകരക്കാരനായി കളത്തിലിറങ്ങിയത്.

സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത ഉടന്‍ മത്സരം പൂര്‍ത്തിയാവാന്‍ കാത്തു നില്‍ക്കാതെ ഗ്രൗണ്ട് വിടുന്ന റൊണാള്‍ഡോയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. റൊണാള്‍ഡോയുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ഇക്കാര്യം എല്ലാ കളിക്കാരോടും പറഞ്ഞിട്ടുള്ളതാണെന്നും ടെന്‍ ഹാഗ് പറഞ്ഞു. നമ്മള്‍ ഒരു ടീമാണ്, അതുകൊണ്ടുതന്നെ മത്സരം പൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ടെന്‍ ഹാഗ് പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതോടെ ക്ലബ്ബ് വിടാന്‍ റൊണാള്‍ഡോ ശ്രമിച്ചിരുന്നു. ചെല്‍സി, പിഎസ്‌ജി, ബയേണ്‍ മ്യൂണിക് എന്നീ ക്ലബ്ബുകളുമായി 37കാരനായ റൊണാള്‍ഡോ രഹസ്യ ചര്‍ച്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച തുടങ്ങുന്ന പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രൈറ്റണെ നേരിടാനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍. ഇതിനിടെയാണ് റൊണാള്‍ഡോക്കെതിരെ പരീശിലകന്‍ തന്നെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.

Top