യുവന്റസ് യൂത്ത് അക്കാദമിയില്‍ ചേര്‍ന്ന് ജൂനിയര്‍ റൊണാള്‍ഡോ

മിലന്‍ : ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് യൂത്ത് അക്കാദമിയുടെ അണ്ടര്‍ 9 ടീമില്‍ പരിശീലനം ആരംഭിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍. റയല്‍ മാഡ്രിഡില്‍ നിന്ന് പത്തു കോടി യൂറോയ്ക്ക് (ഏകദേശം 805 കോടി രൂപ) ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിലേക്ക് 33 കാരനായ റൊണാള്‍ഡോ ചേക്കേറിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ജൂനിയര്‍ യുവന്റസില്‍ ചേര്‍ന്നിരിക്കുന്നത്.

യുവന്റസില്‍ പരിശീലനം നടത്തുന്ന റോണോ ജൂനിയറിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റൊഡ്രിഗസും പരിശീലനം കാണാന്‍ ഗ്രൌണ്ടില്‍ എത്തിയിരുന്നു. തന്റെ മകന്‍ ഫുട്‌ബോള്‍ ലോകത്തിന് ഭാവി വാഗ്ദാനമാണെന്നായിരുന്നു റൊണാള്‍ഡോ അടുത്തിടെ പറഞ്ഞത്.

Cristiano-Ronaldo's-son

‘അവന്‍ എന്നെപ്പോലെ തന്നെയാണ്. അതില്‍ എനിക്ക് 100 ശതമാനം ഉറപ്പുണ്ട്. എനിക്കവനെ ചില കാര്യങ്ങള്‍ പഠിപ്പിക്കണമെന്നുണ്ട്. എന്നിരുന്നാലും എന്താണ് ചെയ്യേണ്ടതെന്ന് അവന് തീരുമാനിക്കാം ഞാന്‍ അതിനെ പിന്തുണയ്ക്കും’ റൊണാള്‍ഡോ പറഞ്ഞു.

ജൂണ്‍ 2010 ലാണ് ജൂനിയര്‍ റൊണാള്‍ഡോയുടെ ജനനം. ക്രിസ്റ്റ്യാനോയുടെ മകനെ കൂടാതെ, യുവന്റസിലെ മറ്റു താരപുത്രന്‍മാരും യുവന്റസില്‍ ചേര്‍ന്നിട്ടുണ്ട്.

Top