ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കില്‍ യുവേഫ ചാംപ്യന്‍സ് ലീഗില്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം

മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കില്‍ യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. സെമിഫൈനല്‍ ആദ്യപാദത്തില്‍ അത്ലറ്റിക്കോ മഡ്രിഡിനെ 3-0നാണ് റയല്‍ വീഴ്ത്തിയത്.

10, 73, 86 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയണ്‍ മ്യൂണിക്കിനെതിരെയും റൊണാള്‍ഡോ ഹാട്രിക് നേടിയിരുന്നു. റയല്‍ മഡ്രിഡിനു വേണ്ടി റൊണാള്‍ഡോയുടെ 42ാം ഹാട്രിക്കാണിത്. ചാംപ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ ഏഴാം ഹാട്രിക്കും.

ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തില്‍ മൂന്നു ഹാട്രിക്ക് നേടുന്ന ആദ്യ താരം, നോക്കൗട്ട് ഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടു ഹാട്രിക്ക് നേടുന്ന ആദ്യ താരം, ചാംപ്യന്‍സ് ലീഗ് സെമിയില്‍ ഹാട്രിക്ക് നേടുന്ന നാലാമത്തെ മാത്രം താരം തുടങ്ങിയ റെക്കോര്‍ഡുകളും റൊണാള്‍ഡോ സ്വന്തം പേരിലെഴുതി.

ചാംപ്യന്‍സ് ലീഗില്‍ റയലിന്റെ വഴിമുടക്കികളായ അത്ലറ്റിക്കോയ്ക്കെതിരെ 10ാം മിനിറ്റില്‍ത്തന്നെ റയല്‍ ലീഡ് നേടി. ഏഴാം മിനിറ്റില്‍ മികച്ചൊരു അവസരം നിര്‍ഭാഗ്യം കൊണ്ട് മാത്രം റയലിന് നഷ്ടമായിരുന്നു. ഇതിനു പിന്നാലെ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയായിരുന്നു റൊണാള്‍ഡോയുടെ ആദ്യഗോള്‍.

Top