റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിട്ടത് രണ്ട് വര്‍ഷത്തേക്ക്

മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിട്ടത് രണ്ട് വര്‍ഷത്തേക്ക്. കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എല്ലായ്‌പ്പോഴും തന്റെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ആരാധകരാല്‍ നിറഞ്ഞ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ മത്സരിക്കാനായി താന്‍ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. ഒരു സ്‌പോര്‍ട്‌സ് ടീമിന് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗണ്‍സ്‌മെന്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്.

അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടിയ കായിക സംബന്ധിയായ പോസ്റ്റ് ലയണല്‍ മെസിക്ക് സ്വന്തമാണ്. കോപ്പ അമേരിക്ക ട്രോഫിയുമായി ഇരിക്കുന്ന മെസിയുടെ ചിത്രത്തിനു ലഭിച്ചത് 23 മില്ല്യണോളം ലൈക്കുകളാണ്.

 

Top